തൊഴിലിടങ്ങളിലെ ആഭ്യന്തര പരാതിപരിഹാര കമ്മിറ്റികൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കേണ്ടതുണ്ട് - വനിത കമീഷൻ അധ്യക്ഷ
പത്തോ അതിലധികമോ ജീവനക്കാരുള്ള എല്ലാ തൊഴിലിടങ്ങളിലും ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കേണ്ടതുണ്ടെന്ന് വനിത കമീഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. തൊഴിൽ ചെയ്യുന്ന പല സ്ത്രീകൾക്കും പോഷ് ആക്ട് പ്രകാരമുള്ള ഇത്തരം കമ്മിറ്റികൾ തങ്ങളുടെ സ്ഥാപനത്തിൽ നിലവിലുണ്ടെന്ന കാര്യം അറിയില്ലെന്നത് ഖേദകരമാണ്.
കൽപറ്റ : പത്തോ അതിലധികമോ ജീവനക്കാരുള്ള എല്ലാ തൊഴിലിടങ്ങളിലും ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കേണ്ടതുണ്ടെന്ന് വനിത കമീഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. തൊഴിൽ ചെയ്യുന്ന പല സ്ത്രീകൾക്കും പോഷ് ആക്ട് പ്രകാരമുള്ള ഇത്തരം കമ്മിറ്റികൾ തങ്ങളുടെ സ്ഥാപനത്തിൽ നിലവിലുണ്ടെന്ന കാര്യം അറിയില്ലെന്നത് ഖേദകരമാണ്.
നിയമപ്രകാരം തൊഴിലിടങ്ങളിൽ ആഭ്യന്തര കമ്മിറ്റി നിലവിലുണ്ടെന്ന വിവരവും അതിന്റെ അധ്യക്ഷ ആരാണെന്നതും പരാതികൾ എവിടെയാണ് നൽകേണ്ടതെന്നുമടക്കമുള്ള നോട്ടീസ് എല്ലാ ജീവനക്കാർക്കും പൊതുജനങ്ങൾക്കും കാണാൻ പാകത്തിൽ സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണം. ഇത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. പല സ്ഥാപനങ്ങളും ഇത് പാലിക്കുന്നില്ല. ഈ അറിവില്ലായ്മ കാരണം, സ്ത്രീകൾ തൊഴിലിടങ്ങളിൽ നേരിടുന്ന അതിക്രമങ്ങൾക്ക് ആഭ്യന്തര കമ്മിറ്റിയെ സമീപിക്കുന്നതിന് പകരം നേരിട്ട് പൊലീസിൽ പരാതിപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും കമീഷൻ ചൂണ്ടിക്കാട്ടി.
ജില്ലയിൽ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കേസുകൾ വർധിച്ചുവരികയാണ്. ഇത്തരം പരാതികളിൽ വനിത സംരക്ഷണ ഓഫിസർമാർ മുഖേന സംരക്ഷണ ഉത്തരവുകൾ വാങ്ങിനൽകാൻ കമീഷൻ നേരിട്ട് ഇടപെടുന്നുണ്ട്. കുടുംബ പ്രശ്നങ്ങളിൽ കൗൺസിലിങ് ആവശ്യമുള്ളവർക്ക് ജില്ല വനിതാ ശിശു വികസന ഓഫിസിലെ കൗൺസിലിങ് സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണെന്നും കമീഷൻ പറഞ്ഞു. അതിർത്തി തർക്കങ്ങളുടെ പേരിൽ സ്ത്രീകൾക്കെതിരെ അസഭ്യം പറയുകയോ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ ഭയപ്പെടുത്തുകയോ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം അതിക്രമങ്ങൾക്കെതിരെ മൊബൈൽ ദൃശ്യങ്ങളോ സി.സി.ടി.വി ദൃശ്യങ്ങളോ പോലുള്ള വ്യക്തമായ തെളിവുകൾ ഉണ്ടെങ്കിൽ കമീഷൻ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധ്യക്ഷ വ്യക്തമാക്കി.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിങ്ങിൽ 30 കേസുകൾ പരിഗണിച്ചു. നാല് കേസുകൾ തീർപ്പാക്കി. രണ്ട് കേസുകൾ ജില്ല ലീഗൽ സർവിസസ് അതോറിറ്റിക്ക് കൈമാറി. ആറ് കേസുകളിൽ പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റുള്ളവ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. സിറ്റിങ്ങിൽ പുതിയ ഒരു പരാതി ലഭിച്ചു. വനിത കമീഷൻ അംഗം അഡ്വ. കുഞ്ഞയിഷയും സിറ്റിങ്ങിൽ പങ്കെടുത്തു.