അതിജീവിതയെ അധിക്ഷേപിച്ച കേസ്; സന്ദീപ് വാരിയരും മറ്റ് രണ്ടുപേരും പ്രതികൾ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പീഡിപ്പിച്ചെന്ന് പരാതിനൽകിയ യുവതിയെ തിരിച്ചറിയുംവിധം സാമൂഹികമാധ്യമങ്ങളിലൂടെ പരാമർശം നടത്തിയതിനും അധിക്ഷേപിച്ചതിനും രാഹുൽ ഈശ്വർ അറസ്റ്റിൽ. അതിജീവിത ക്രമസമാധാന വിഭാഗം എഡിജിപി എച്ച്. വെങ്കിടേഷിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തിരുവനന്തപുരം സൈബർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാരിയർ, മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിത പുളിക്കൻ, അഡ്വ. ദീപാ ജോസഫ് എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്.
സൈബർ പോലീസ് ഞായറാഴ്ച വൈകുന്നേരം പൗഡിക്കോണത്തെ വീട്ടിലെത്തി രാഹുലിനോട് ഒപ്പംവരാൻ ആവശ്യപ്പെടുകയായിരുന്നു. എആർ ക്യാമ്പിലെത്തിച്ച് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. സൈബർ പോലീസ് സ്റ്റേഷനിലെത്തിച്ച് മൊഴിയെടുത്തശേഷം ഒൻപതുമണിയോടെ അറസ്റ്റുചെയ്തു. ലാപ്‌ടോപ്പും ഫോണും ഉൾപ്പെടെ പിടിച്ചെടുത്തിട്ടുണ്ട്.