അന്തരിച്ച നേതാക്കളെ അധിക്ഷേപിച്ച് കൊണ്ട് പോസ്റ്റ് ; നടൻ വിനായകനെതിരെ പൊലീസിൽ പരാതി നൽകി യൂത്ത് കോൺഗ്രസ്‌

 

കൊച്ചി: നടൻ വിനായകനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്‌ രംഗത്ത്. അന്തരിച്ച നേതാക്കളെ ഫേസ്ബുക്ക് കുറിപ്പിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകി. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡണ്ട് സിജോ ജോസഫ് ആണ് നടനെതിരെ പരാതി നൽകിയത്. ഡിജിപിക്കും എറണാകുളം നോർത്ത് പൊലീസിനുമാണ് പരാതി നൽകിയിരിക്കുന്നത്.

അന്തരിച്ച രാഷ്ട്രീയ നേതാക്കളെ അധിക്ഷേപിച്ചു കൊണ്ടുള്ള പോസ്റ്റ് വിനായകൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസം അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് പുറമെ ഉമ്മൻ ചാണ്ടി, മഹാത്മാ ​​ഗാന്ധി, ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരൻ, ജോർജ് ഈഡൻ എന്നിവരുടെ പേരുകൾ കുറിച്ചു കൊണ്ടായിരുന്നു മോശപ്പെട്ട ഭാഷയിൽ വിനായകൻ പോസ്റ്റ് പങ്കുവച്ചത്.

അതേസമയം പോസ്റ്റിന് താഴെ നിരവധി പേരാണ് വിനായകനെതിരെ കമൻറുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. 2023 ജൂലൈയിൽ ഉമ്മൻ ചാണ്ടി അന്തരിച്ച സമയത്തും മോശമായ രീതിയിൽ അദ്ദേഹത്തെ അധിക്ഷേപിച്ച് കൊണ്ടുള്ള പോസ്റ്റ് വിനായകൻ പങ്കുവച്ചിരുന്നു. വ്യാപക പ്രതിഷേധവും അന്ന് ഉയർന്നിരുന്നു.