ഗാലറിയില്‍നിന്നു വീണ് പരിക്കേറ്റ സംഭവം;രണ്ടു കോടി നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ഉമാ തോമസിന്‍റെ വക്കീല്‍ നോട്ടീസ്
ജവഹര്ലാല് നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ ഗാലറിയില്നിന്നു വീണ് പരിക്കേറ്റ സംഭവത്തില് രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമാ തോമസ് എംഎല്എ വക്കീല് നോട്ടീസ് അയച്ചു.
ഇപ്പോഴും പൂര്ണമായും ആരോഗ്യം വീണ്ടെടുക്കാനായിട്ടില്ലെന്നും നോട്ടീസില് പറയുന്നു.
കൊച്ചി: ജവഹര്ലാല് നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ ഗാലറിയില്നിന്നു വീണ് പരിക്കേറ്റ സംഭവത്തില് രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമാ തോമസ് എംഎല്എ വക്കീല് നോട്ടീസ് അയച്ചു.
തറനിരപ്പില്നിന്ന് 10.5 മീറ്റര് ഉയരത്തില് ഗാലറിയുടെ മുകളില് താത്കാലികമായി തയാറാക്കിയ വേദിക്ക് യാതൊരു സുരക്ഷയും ഉണ്ടായിരുന്നില്ല. കൈവരി ഉണ്ടായിരുന്നില്ല. മുന്നിര സീറ്റിന് മുന്ഭാഗത്ത് ഉണ്ടായിരുന്നത് 50 സെന്റിമീറ്റര് സ്ഥലമാണ്. ഇതിലൂടെ നടക്കുമ്ബോഴാണ് തലയടിച്ചു താഴെ വീണത്.
മൃദംഗ നാദം നൃത്തസന്ധ്യക്കിടെ ഗാലറിയില് ഒരുക്കിയ താത്കാലിക ഉദ്ഘാടന വേദിയില്നിന്നു വീണുണ്ടായ അപകടത്തിന്റെ ആഘാതം ഇപ്പോഴും തുടരുന്നതടക്കം ചൂണ്ടിക്കാട്ടിയാണ് സ്റ്റേഡിയം ഉടമകളായ ജിസിഡിഎയ്ക്ക് നോട്ടീസ് അയച്ചത്. നഷ്ട പരിഹാരം നല്കിയില്ലെങ്കില് നിയമപരമായ തുടര്നടപടി സ്വീകരിക്കുമെന്നാണ് അഡ്വ. പോള് ജേക്കബ് മുഖേന നല്കിയ നോട്ടീസില് പറയുന്നത്.
സംഘാടകരായ മൃദംഗ വിഷന് ആന്ഡ് ഓസ്കാര് ഇവന്റ് മാനേജ്മെന്റിന്റെ വിശ്വാസ്യതപോലും പരിശോധിക്കാതെയാണു ജിസിഡിഎ സ്റ്റേഡിയം അനുവദിച്ചതെന്ന് നോട്ടീസില് ആരോപിക്കുന്നു.
സ്ട്രെച്ചര് പോലും അവിടെ ഉണ്ടായിരുന്നില്ല. അപകട ശേഷം സ്റ്റേഡിയത്തിനുപുറത്ത് എത്തിക്കാന് പത്തു മിനിറ്റെടുത്തു. ഒമ്ബത് ദിവസത്തിനുശേഷമാണ് ബോധം വീണ്ടെടുക്കാനായത്. സ്വതന്ത്രമായി നടക്കാന് മാസങ്ങളെടുത്തു. ഇപ്പോഴും പൂര്ണമായും ആരോഗ്യം വീണ്ടെടുക്കാനായിട്ടില്ലെന്നും നോട്ടീസില് പറയുന്നു.