വിവരാവകാശ നിയമപ്രകാരം കഴിയുന്നത്ര വേഗത്തിൽ വിവരങ്ങൾ നൽകണം: വിവരാവകാശ കമ്മിഷണർ
വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ കഴിയുന്നത്ര വേഗം വിവരം നൽകണമെന്നാണ് വ്യവസ്ഥയെന്ന് വിവരാവകാശ കമ്മിഷണർ ഡോ. കെ.എം. ദിലീപ് പറഞ്ഞു. മറുപടി വൈകിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കും.
കോട്ടയം: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ കഴിയുന്നത്ര വേഗം വിവരം നൽകണമെന്നാണ് വ്യവസ്ഥയെന്ന് വിവരാവകാശ കമ്മിഷണർ ഡോ. കെ.എം. ദിലീപ് പറഞ്ഞു. മറുപടി വൈകിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കും. കഴിയുന്നത്ര വേഗത്തിൽ പരമാവധി 30 ദിവസത്തിനുള്ളിൽ വിവരം നൽകണമെന്നാണ് നിയമത്തിൽ പറയുന്നത്. ഇതിന്റെ മറവിൽ 30 ദിവസം വരെ മറുപടി നൽകാൻ വെച്ചുതാമസിപ്പിക്കുന്ന പ്രവണതയുണ്ട്. അത് അംഗീകരിക്കാനാവില്ല. വിവരാവകാശ നിയമത്തിന്റെ പ്രസക്തി ഇല്ലാതാക്കുന്ന ഇത്തരം നടപടികളിൽനിന്ന് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ വിട്ടു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഏത് സർക്കാർ ഓഫീസിലെയും ഏതു ഫയലും പരിശോധിക്കാൻ വിവരാവകാശം പൗരന്മാർക്ക് അവസരം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കളക്‌ട്രേറ്റ് വിപഞ്ചിക ഹാളിൽ നടന്ന വിവരാവകാശ കമ്മിഷൻ സിറ്റിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകൾ നൽകിയ വിവരാവകാശ രേഖകൾ സംബന്ധി ച്ച 34 പരാതികളാണ് അദാലത്തിൽ എത്തിയത്. ഇതിൽ 24 എണ്ണം തീർപ്പാക്കി.