കൂട്ടായ്മയുടെയും ഇന്ദിരാ ഗ്യാരണ്ടിയുടെയും വിജയം, ഇതാണ് റിയൽ കേരള സ്റ്റോറി ; മുഖ്യമന്ത്രിയെ കോൺഗ്രസ് നേതൃത്വം തീരുമാനിക്കും : കെ.സി.വേണുഗോപാൽ എംപി
അഴിമതിയും ധിക്കാരവും സ്വജനപക്ഷപാതവും അക്രമരാഷ്ട്രീയവും കേരളത്തിലെ ജനങ്ങൾ അംഗീകരിക്കില്ലെന്നും, മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിപ്പിച്ച് കേരളം കയ്യടക്കാൻ ആർക്കും കഴിയില്ലെന്നും തെളിയിക്കുന്ന യഥാർഥ കേരള സ്റ്റോറിയാണ് സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പുഫലമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം: അഴിമതിയും ധിക്കാരവും സ്വജനപക്ഷപാതവും അക്രമരാഷ്ട്രീയവും കേരളത്തിലെ ജനങ്ങൾ അംഗീകരിക്കില്ലെന്നും, മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിപ്പിച്ച് കേരളം കയ്യടക്കാൻ ആർക്കും കഴിയില്ലെന്നും തെളിയിക്കുന്ന യഥാർഥ കേരള സ്റ്റോറിയാണ് സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പുഫലമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി അഭിപ്രായപ്പെട്ടു. യുഡിഎഫിന്റെ കൂട്ടായ പ്രവർത്തനവും, രാഹുൽ ഗാന്ധി അവതരിപ്പിച്ച പ്രകടനപത്രികയിലെ ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തിൽ മുഖ്യപങ്കുവഹിച്ചു. യുഡിഎഫിന്റെ മുഖ്യമന്ത്രിയെ കോൺഗ്രസ് നേതൃത്വം കൂടിയാലോചിച്ച് ഉടൻ തീരുമാനിക്കുമെന്നും വേണുഗോപാൽ അറിയിച്ചു.
പത്തു വർഷത്തെ എൽഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുർഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം. യുഡിഎഫ് പ്രവർത്തകർ മാത്രമല്ല, യഥാർഥ കമ്യൂണിസ്റ്റുകാരും ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്തു.
കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ഈ തിരഞ്ഞെടുപ്പിനു വേണ്ടി രണ്ടു വർഷമായി ഒറ്റക്കെട്ടായി കഠിനാധ്വാനം നടത്തുകയായിരുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും
മല്ലികാർജുൻ ഖാർഗെയും ദീപ ദാസ് മുൻഷിയും അടക്കമുള്ള കേന്ദ്ര നേതൃത്വവും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ,പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ചെയർമാൻ രമേശ് ചെന്നിത്തല എന്നിവരുൾപ്പെടെയുള്ള നേതാക്കളും യുഡിഎഫിലെ മുഴുവൻ ഘടകകക്ഷി നേതാക്കളും ഈ വിജയത്തിനു വേണ്ടി ഒരേ മനസ്സോടെ ഒറ്റക്കെട്ടായി പ്രവർത്തിച്ചു. യുഡിഎഫിന്റെയും കോൺഗ്രസിന്റെയും ഉത്തരവാദിത്തം വർധിപ്പിക്കുന്ന ജനവിധിയാണിത്. രാഹുൽഗാന്ധി അവതരിപ്പിച്ച ഇന്ദിരാ ഗ്യാരണ്ടി ഈ വിജയത്തിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. കോൺഗ്രസ് ജനങ്ങൾക്ക് പ്രതീക്ഷയും പ്രത്യാശയും നൽകി. ഇന്ദിരാ .ഗ്യാരണ്ടിയിലെ വാഗ്ദാനങ്ങൾ താഴേത്തട്ടിലെ ജനങ്ങളിലെത്തിക്കാൻ യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കും കഴിഞ്ഞു.
മികച്ച തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതിലും സ്ഥാനാർഥികളെ നിർണയിക്കുന്നതിലും പ്രചാരണത്തിലും കോൺഗ്രസ് പുലർത്തിയ മികവ് തന്നെയാണ് വിജയത്തെ ഏറ്റവുമധികം സഹായിച്ചത്. സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസിൽ വലിയ കൊടുങ്കാറ്റുണ്ടാകുമെന്നാണ് പലരും കരുതിയത്. പക്ഷേ, വിമതശല്യം ഏറ്റവും കുറഞ്ഞ തിരഞ്ഞെടുപ്പായിരുന്നു ഇത്.
സിപിഎമ്മിലെ അഴിമതിയിലും സ്വജനപക്ഷപാതത്തിലും പ്രതിഷേധിച്ച് പാർട്ടി വിട്ട നേതാക്കളെ യുഡിഎഫിന്റെ സ്ഥാനാർഥികളാക്കാനുള്ള തീരുമാനവും ഈ വൻവിജയത്തിന് സഹായിച്ചു. ആ തീരുമാനത്തിൽ പലർക്കും ആശങ്കയുണ്ടായിരുന്നു. പക്ഷേ, കണ്ണൂരിലെ സിപിഎം കോട്ടകളിൽ പോലും യുഡിഎഫിനെ വിജയിപ്പിക്കാൻ ആ തീരുമാനത്തിന് സാധിച്ചു. തന്റെ നാടായ പയ്യന്നൂരിൽ സിപിഎം സ്ഥാനാർഥി തോൽക്കുമെന്ന് താൻ പോലും ഒരിക്കലും കരുതിയതല്ല. തളിപ്പറമ്പിലെ വിജയവും വലിയ നേട്ടമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ സ്വന്തം തട്ടകത്തിൽ പോലും കഷ്ടിച്ച് കടന്നുകൂടുകയായിരുന്നു.
കമ്യൂണിസത്തെ സ്‌നേഹിക്കുന്ന യഥാർഥ കമ്യൂണിസ്റ്റുകാർ ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്യുമെന്ന് താൻ പ്രചാരണത്തിനിടെ പതിവായി പറയാറുണ്ടായിരുന്നു. അത് അക്ഷരം പ്രതി ശരിയാണെന്ന് ഈ തിരഞ്ഞെടുപ്പുഫലം തെളിയിച്ചു. ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം ഉൾപ്പെടെയുള്ള സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിൽ വിറങ്ങലിച്ചു പോയ കേരള മനസ്സാക്ഷി, ടി.പിയുടെ രക്തസാക്ഷിദിനത്തിൽ ഉയിർത്തെണീറ്റ് നടത്തിയ മധുരപ്രതികാരം കൂടിയാണ് ഈ ജനവിധി.
വർഗീയത പ്രചരിപ്പിച്ച് മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കാനുള്ള ബിജെപിയുടെയും സംഘപരിവാറിന്റെയും സിപിഎമ്മിന്റെയും അജണ്ട കേരളത്തിൽ ചിലവാകില്ലെന്ന് തിരഞ്ഞെടുപ്പു ഫലം തെളിയിച്ചു. മലപ്പുറം തവനൂരിലെ കോൺഗ്രസ് സ്ഥാനാർഥി വി.എസ്.ജോയ് ഉൾപ്പെടെയുള്ള യുഡിഎഫ് സ്ഥാനാർഥികൾക്കെതിരെ മതത്തിന്റെ പേരിൽ പ്രചാരണം നടത്തിയ സിപിഎം നീക്കവും ജനം തള്ളിക്കളഞ്ഞു.
ഒന്നോ രണ്ടോ സീറ്റുകളിൽ ബിജെപി ജയിച്ചിട്ടുണ്ടെങ്കിൽ അത് സിപിഎമ്മിന്റെ ചിലവിലാണ്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടിപ്രതിഷേധം നടത്തിയതിന് പിണറായിയുടെ ഗൺമാന്റെ മർദനത്തിനിരയായ യൂത്ത് കോൺഗ്രസ് നേതാവ് എ.ഡി.തോമസ് ആലപ്പുഴയിൽ നേടിയ വൻവിജയവും സിപിഎമ്മിന്റെ ധാർഷ്ട്യത്തിന് ജനങ്ങളുടെ പ്രതികാരമാണ്. പിണറായി സർക്കാരിനോട് പ്രതികാരം ചെയ്യാൻ ജനങ്ങളോട് ആവശ്യപ്പെട്ടു കൊണ്ടാണ് ആലപ്പുഴയിൽ തോമസിനെ സ്ഥാനാർഥിയാക്കിയതും. കഴിഞ്ഞ 10 വർഷത്തെ ഇടത് ഭരണത്തിൽ യുഡിഎഫിന്റെ ഒട്ടേറെ യുവജനപ്രവർത്തകർ പോലീസിന്റെ മർദ്ദനത്തിനിരയായിട്ടുണ്ട്. ഭരണമേറ്റെടുക്കുമ്പോൾ ആരോടും പ്രതികാരം ചെയ്യാൻ യുഡിഎഫ് ഉദ്ദേശിക്കുന്നില്ലെങ്കിലും, കുറ്റം ചെയ്തവർ രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന്കെ.സി.വേണുഗോപാൽ വ്യക്തമാക്കി.
മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കോൺഗ്രസിന് ഒട്ടും ബുദ്ധിമുട്ടുണ്ടാവില്ല. മുഖ്യമന്ത്രിയെ നിശ്ചയിക്കുകയെന്നത് കോൺഗ്രസ് ആദ്യമായിട്ട് ചെയ്യുന്നതല്ല.
അതിന് പാർട്ടിക്ക് വ്യവസ്ഥാപിതമായ പരമ്പരാഗത മാർഗങ്ങളുണ്ട്. ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് കോൺഗ്രസ് നേതൃത്വം ഒട്ടും വൈകാതെ മുഖ്യമന്ത്രിയെ തീരുമാനിക്കും. പാർട്ടി നേതൃത്വത്തിന്റെ ഏതു തീരുമാനവും അംഗീകരിക്കുന്ന പ്രവർത്തകനാണ് താൻ എന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. പതിമൂന്നാം വയസ്സിൽ കോൺഗ്രസിനു വേണ്ടി പൊതുപ്രവർത്തനം തുടങ്ങിയ ആളാണ് താൻ. അന്നു മുതൽ ഇന്നു വരെ ഏത് പദവി വഹിച്ചതും പാർട്ടി നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ്. തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചതും മത്സരിക്കാതിരുന്നതുമെല്ലാം രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുടെ ആവശ്യപ്രകാരമായിരുന്നു. പാർട്ടിയുടെ നിലപാട് എന്തായാലും താൻ അതിനൊപ്പം നിൽക്കും.
ജീവൻ പോയാലും ആ തീരുമാനത്തിൽ മാറ്റമില്ലെന്നും കെ.സി.വേണുഗോപാൽ വ്യക്തമാക്കി.
തമിഴ്‌നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സഖ്യത്തിനുണ്ടായ തിരിച്ചടി അമ്പരപ്പിക്കുന്നതാണെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. ബംഗാളിലെയും തമിഴ്‌നാട്ടിലെയും മറ്റും തിരഞ്ഞെടുപ്പു ഫലങ്ങൾ പാർട്ടി വിലയിരുത്തി വേണ്ട നടപടി സ്വീകരിക്കും. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ് നേടിയ വിജയത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.