ഇന്‍ഡിഗോ വിമാനത്തിലെ മര്‍ദ്ദന പരാതി: ഇ പി ജയരാജനെതിരെ എസ്‌ഐടി അന്വേഷണം
ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇ പി ജയരാജനും പിണറായി വിജയന്റെ ഗണ്‍മാന്‍മാരും ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന പരാതി എസ്‌ഐടി അന്വേഷിക്കും .
Updated: Jun 17, 2026, 15:18 IST
എസിപിയുടെ നേതൃത്വത്തിലുള്ള എസ്‌ഐടിയായിരിക്കും അന്വേഷണം നടത്തുക.
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇ പി ജയരാജനും പിണറായി വിജയന്റെ ഗണ്‍മാന്‍മാരും ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന പരാതി എസ്‌ഐടി അന്വേഷിക്കും .സിറ്റി പൊലീസ് കമ്മീഷണറുടെ തീരുമാനത്തിലാണ് എസ്‌ഐടി രൂപീകരിക്കുന്നത്. എസിപിയുടെ നേതൃത്വത്തിലുള്ള എസ്‌ഐടിയായിരിക്കും അന്വേഷണം നടത്തുക.
ഇതുസംബന്ധിച്ചുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ ഗണ്‍മാന്‍ അനില്‍ കുമാറിനെതിരെയും അന്വേഷണമുണ്ടാകും. പരാതിയില്‍ തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പരാതി നല്‍കിയിരുന്നത്.
2022 ജൂണ്‍ 13 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ വന്ന അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു. സ്വര്‍ണക്കടത്ത് വിവാദത്തിനിടെയായിരുന്നു സംഭവം. മുദ്രാവാക്യം വിളിച്ച് മുന്നോട്ട് നീങ്ങിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇ പി ജയരാജന്‍ തള്ളിയിടുകയായിരുന്നു. സംഭവത്തില്‍ ഇന്‍ഡിഗോ അന്വേഷണം നടത്തുകയും ഇ പിക്ക് മൂന്ന് ആഴ്ച്ചത്തേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.