കേരളത്തിന് 4 പുതിയ ട്രെയിനുകൾ  പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ; പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

കേരളത്തിന് നാല് പുതിയ ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ.  അമൃത് ഭാരത് ട്രെയിനുകളിലെ മൂന്ന് സർവീസുകളും ഗുരുവായൂർ-തൃശൂർ പാസഞ്ചറുമാണ് കേരളത്തിന് പുതുതായി ലഭിക്കുക.
 

തിരുവനന്തപുരം: കേരളത്തിന് നാല് പുതിയ ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ.  അമൃത് ഭാരത് ട്രെയിനുകളിലെ മൂന്ന് സർവീസുകളും ഗുരുവായൂർ-തൃശൂർ പാസഞ്ചറുമാണ് കേരളത്തിന് പുതുതായി ലഭിക്കുക. അടുത്തയാഴ്ച തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ആറ് പുതിയ ട്രെയിനുകൾ ഫ്‌ളാഗ് ഓഫ് ചെയ്യും. കേരളത്തിന് ലഭിച്ച നാലു ട്രെയിനുകളും തമിഴ്‌നാടിന് അനുവദിച്ച രണ്ട് ട്രെയിനുകളുമാണ് മോദി ഫ്‌ളാഗ് ഓഫ് ചെയ്യുക.

തിരുവനന്തപുരം-താംബരം, തിരുവനന്തപുരം-ഹൈദരാബാദ്, നാഗർകോവിൽ-മംഗളൂരു എന്നീ അമൃത് ഭാരത് ട്രെയിനുകളാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. ഒപ്പം ഗുരുവായൂർ-തൃശൂർ പാസഞ്ചറുമുണ്ട്. നാഗർകോവിൽ-ചർലാപ്പള്ളി, കോയമ്പത്തൂർ-ധൻബാദ് അമൃത് ഭാരത് എന്നിവയാണ് തമിഴ്‌നാടിന് ലഭിക്കുക.

ഷൊർണൂർ-നിലമ്പൂർ പാത വൈദ്യുതീകരണവും റെയിൽവേ പാസാക്കിയിട്ടുണ്ട്. ഒപ്പം അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിച്ച 11 സ്റ്റേഷനുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. കേരളത്തിൽ കുറ്റിപ്പുറം, ചങ്ങനാശ്ശേരി, ഷൊർണൂർ സ്റ്റേഷനുകൾ ഇത്തരത്തിൽ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിച്ചവയാണ്.

ഗുരുവായൂർ-തൃശ്ശൂർ പാസഞ്ചർ ദിവസവും സർവീസ് നടത്തും. വൈകീട്ട് 6.10-ന് ഗുരുവായൂരിൽനിന്ന് പുറപ്പെട്ട് 6.50-ന് തൃശ്ശൂരിലെത്തും. തൃശ്ശൂരിൽനിന്ന് രാത്രി 8.10-ന് പുറപ്പെട്ട് 8.45-ന് ഗുരുവായൂരിലെത്തും.