സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് (ഒക്ടോബർ 26) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ 7 ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് (ഒക്ടോബർ 26) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ 7 ജില്ലകളിൽ മാത്രമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. നാളെ (ഒക്ടോബർ 27) മുതൽ സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ മുന്നറിയിപ്പുകളില്ല. നിലവിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറിയെങ്കിലും കേരളത്തിന് ഭീഷണിയില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന നിർദ്ദേശമുണ്ട്.
അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം ‘അർണബ്’ എന്ന് പേരിട്ട ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിൽ നിലകൊള്ളുന്ന ‘അർണബ്’ ഒക്ടോബർ 28-ന് ഉച്ചയ്ക്ക് മുൻപായി ആന്ധ്രാപ്രദേശിലെ ബാപ്പറ്റ്ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിൽ കരതൊടുമെന്നാണ് പ്രവചനം. നിലവിൽ മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിൽ നീങ്ങുന്ന ചുഴലിക്കാറ്റ് ഇന്ന് അർദ്ധരാത്രിയോടെ കടുത്ത ചുഴലിക്കാറ്റായും ഒക്ടോബർ 27-ഓടെ അതിതീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കും.
കരതൊടുന്ന സമയത്ത് മണിക്കൂറിൽ 115 മുതൽ 140 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശ്, തെക്കൻ ഒഡീഷ തീരങ്ങൾക്ക് റെഡ് അലർട്ട് നൽകിയിട്ടുണ്ട്. ആന്ധ്ര പ്രദേശ്, പശ്ചിമ ബംഗാൾ, ഒഡീഷ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ അർണബ് ചുഴലിക്കാറ്റ് വൻ നാശനഷ്ട വിതയ്ക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.