നിലയ്ക്കലിൽ തീർഥാടകരുടെ വാഹനത്തിന്റെ ഡ്രൈവറെ മർദിച്ച സംഭവം; എഎസ്ഐക്ക് സസ്പെൻഷൻ

ശബരിമല തീർഥാടകരുമായി എത്തിയ സ്വകാര്യ ട്രാവലർ ഡ്രൈവറെ നിലയ്ക്കലിൽ വച്ച് മർദിച്ച സംഭവത്തിൽ എഎസ്ഐ ജിജോയെ സസ്പെൻഡ് ചെയ്യാൻ നിർദേശം. ശബരിമല പോലീസ് കോ-ഓർഡിനേറ്റർ കൂടിയായ എഡിജിപി പി. വിജയനാണ് നടപടിക്ക് ഉത്തരവിട്ടത്. മർദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്ന് വിവാദമായതിന് പിന്നാലെയാണ് അടിയന്തര നടപടി.

 

ശബരിമല: ശബരിമല തീർഥാടകരുമായി എത്തിയ സ്വകാര്യ ട്രാവലർ ഡ്രൈവറെ നിലയ്ക്കലിൽ വച്ച് മർദിച്ച സംഭവത്തിൽ എഎസ്ഐ ജിജോയെ സസ്പെൻഡ് ചെയ്യാൻ നിർദേശം. ശബരിമല പോലീസ് കോ-ഓർഡിനേറ്റർ കൂടിയായ എഡിജിപി പി. വിജയനാണ് നടപടിക്ക് ഉത്തരവിട്ടത്. മർദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്ന് വിവാദമായതിന് പിന്നാലെയാണ് അടിയന്തര നടപടി. ശബരിമലയിൽ സ്പെഷ്യൽ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട എറണാകുളം സ്വദേശിയായ എഎസ്ഐ ജിജോയാണ് നോർത്ത് പറവൂർ സ്വദേശിയായ ഡ്രൈവർ പ്രശാന്തിന്റെ മുഖത്തടിച്ചത്. നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ തീർഥാടകരെ ഇറക്കുന്നതിനിടെ വാഹനം പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൈയേറ്റത്തിൽ കലാശിച്ചത്.

തർക്കത്തിനിടെ പ്രകോപിതനായ ഉദ്യോഗസ്ഥൻ വാഹനത്തിന്റെ താക്കോൽ ഊരിയെടുക്കുകയും അസഭ്യം പറയുകയും ചെയ്തതായി പ്രശാന്ത് ആരോപിക്കുന്നു. തന്നെ ഭീഷണിപ്പെടുത്തുകയും മട്ടാഞ്ചേരിയിലുള്ള വീട്ടിൽ വന്ന് പിടികൂടുമെന്ന് പറയുകയും ചെയ്തപ്പോൾ നോർത്ത് പറവൂരിലാണ് വീടെന്നും മുഖ്യമന്ത്രിയുടെ നാട്ടുകാരനാണെന്നും മറുപടി നൽകി. ഇതിൽ പ്രകോപിതനായ എഎസ്ഐ മുഖത്തടിക്കുകയായിരുന്നുവെന്ന് പ്രശാന്ത് വ്യക്തമാക്കി. ഉദ്യോഗസ്ഥൻ വയർലസ് വഴി സഹായം തേടിയതോടെ താൻ മൊബൈലിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചപ്പോഴാണ് മർദനമേറ്റതെന്നും ഇദ്ദേഹം പറഞ്ഞു.

ബഹളം കേട്ട് മറ്റ് തീർഥാടകരും പോലീസുകാരും ഓടിയെത്തിയതോടെയാണ് രംഗം ശാന്തമായത്. സംഭവത്തിൽ പ്രശാന്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. മർദന ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ നിലയ്ക്കൽ സ്പെഷ്യൽ ഓഫീസർ പ്രാഥമിക അന്വേഷണം പ്രഖ്യാപിക്കുകയും തുടർന്ന് എഡിജിപി സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.