മദ്യപാനികളെ പിടികൂടിയ സംഭവം: കെ.എസ്.യു നേതാവിന്റെ ഭീഷണിക്ക് പിന്നാലെ പുന്നപ്ര എസ്.ഐയ്ക്ക് സ്ഥലമാറ്റം

പരസ്യമായി മദ്യപിച്ചവരെ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് പുന്നപ്ര പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശരത്തിനെ സ്ഥലം മാറ്റി. നർക്കോട്ടിക് സെല്ലിലേക്കാണ് മാറ്റിയത്. പ്രതികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി അൻസിൽ ജലീൽ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെയാണ് ഈ നടപടി.

 

ആലപ്പുഴ: പരസ്യമായി മദ്യപിച്ചവരെ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് പുന്നപ്ര പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശരത്തിനെ സ്ഥലം മാറ്റി. നർക്കോട്ടിക് സെല്ലിലേക്കാണ് മാറ്റിയത്. പ്രതികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി അൻസിൽ ജലീൽ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെയാണ് ഈ നടപടി.

ഒരാഴ്ച മുൻപാണ് പുന്നപ്ര സ്റ്റേഷൻ പരിധിയിൽ പരസ്യമായി മദ്യപിച്ചവരെ പൊലീസ് സംഘം പിടികൂടിയത്. ഇവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, മുസ്‌ലിം ലീഗ് പ്രവർത്തകർ പൊലീസ് ജീപ്പ് തടയുകയും ഒരു മണിക്കൂറോളം പൊലീസിനെ തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. ഇതിനിടെ വനിതാ എസ്.ഐയെ അപമാനിച്ചതായും ആക്ഷേപമുയർന്നിരുന്നു.

പ്രതികളെ സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ, ഇവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു നേതാവ് അൻസിൽ ജലീൽ സബ് ഇൻസ്പെക്ടറെ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാൽ, ഭീഷണിക്ക് വഴങ്ങാതെ പരസ്യമായി മദ്യപിച്ചവർക്കെതിരെയും പൊലീസിനെ തടഞ്ഞവർക്കെതിരെയും എസ്.ഐ നിയമനടപടികളുമായി മുന്നോട്ടുപോയി. ഇതിന് പിന്നാലെയാണ് ഇപ്പോൾ അദ്ദേഹത്തെ നർക്കോട്ടിക് സെല്ലിലേക്ക് സ്ഥലം മാറ്റി ഉത്തരവിറങ്ങിയിരിക്കുന്നത്.