ലൈംഗിക പീഡനക്കേസില്‍ മുകേഷ്, ഇടവേള ബാബു,  അഡ്വ. ചന്ദ്രശേഖരന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി മറ്റന്നാള്‍ 
 

ലൈംഗിക പീഡനക്കേസില്‍ നടന്‍മാരായ മുകേഷ്, ഇടവേള ബാബു, കോണ്‍ഗ്രസ്സ് നേതാവ് അഡ്വ. ചന്ദ്രശേഖരന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഈ മാസം 5ന്.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയാന്‍ മാറ്റിയത്. അതേ സമയം മണിയന്‍ പിള്ളരാജുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കി.മണിയന്‍പിള്ള രാജുവിനെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാവുന്ന വകുപ്പായതിനാലാണ് തീര്‍പ്പാക്കിയത്.

 

ലൈംഗിക പീഡനക്കേസില്‍ നടന്‍മാരായ മുകേഷ്, ഇടവേള ബാബു, കോണ്‍ഗ്രസ്സ് നേതാവ് അഡ്വ. ചന്ദ്രശേഖരന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഈ മാസം 5ന്.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയാന്‍ മാറ്റിയത്. അതേ സമയം മണിയന്‍ പിള്ളരാജുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കി.മണിയന്‍പിള്ള രാജുവിനെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാവുന്ന വകുപ്പായതിനാലാണ് തീര്‍പ്പാക്കിയത്.

മുകേഷ് ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രണ്ട് ദിവസം വിശദമായി രഹസ്യവാദം കേട്ടശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയാന്‍ മാറ്റിയത്..താന്‍ നിരപരാധിയാണെന്നും പരാതിക്കാരി പണം ആവശ്യപ്പെട്ട് ബ്ലാക്ക്‌മെയില്‍ ചെയ്തതായും മുകേഷ് നേരത്തെ ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.മുകേഷിനെക്കൂടാതെ പ്രതികളായ കോണ്‍ഗ്രസ്സ് നേതാവ് വി എസ് ചന്ദ്രശേഖരനും ഇടവേളബാബുവും തന്റെ വാദങ്ങള്‍ കോടതിയില്‍ അവതരിപ്പിച്ചു.എന്നാല്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ പോലീസ് ശക്തമായി എതിര്‍ത്തു.മൂവര്‍ക്കുമെതിരെ ചുമത്തിയ ബലാല്‍സംഗക്കുറ്റം നിലനില്‍ക്കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.വിശദമായ വാദം കേട്ട കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ ഈ മാസം 5 ന് വിധി പറയാന്‍ മാറ്റുകയായിരുന്നു.അതേ സമയം മണിയന്‍പിള്ള രാജുവിനെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന വകുപ്പാണെന്ന് വിലയിരുത്തിയ കോടതി മണിയന്‍പിള്ള രാജുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കുകയായിരുന്നു.

ആലുവയില്‍ താമസിക്കുന്ന നടിയുടെ പരാതിയിലാണ് ബലാല്‍സംഗക്കുറ്റം ചുമത്തി മുകേഷ്,ഇടവേള ബാബു,വി എസ് ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്.ഈ സാഹചര്യത്തിലാണ് മൂവരും മുന്‍കൂര്‍ജാമ്യം തേടി കോടതിയെ സമീപിച്ചത്. അതേ സമയം നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി പോലീസിന്റെ വിശദീകരണം തേടി.പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 13ന് പരിഗണിക്കും.ഇതിനിടെ സംവിധായകന്‍ രഞ്ജിത്ത് മുന്‍കൂര്‍ജാമ്യം തേടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.ബംഗാളി നടി നല്‍കിയ പരാതിയില്‍ നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് രഞ്ജിത്ത് മുന്‍കൂര്‍ജാമ്യം തേടിയത്.താന്‍ നിരപരാധിയാണെന്നും ഗൂഢ ലക്ഷ്യത്തോടെയാണ് തന്നെ കേസില്‍ ഉള്‍പ്പെടുത്തിയതെന്നും രഞ്ജിത്ത് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടിട്ടുണ്ട്.പരാതിക്കാരിയെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ തെരഞ്ഞെടുക്കാത്തതിലുള്ള നീരസമാണ് പരാതിയ്ക്ക് കാരണം.താന്‍ നിരവധി അസുഖങ്ങളാല്‍ ബുദ്ധിമുട്ടുള്ളയാളായതിനാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും രഞ്ജിത്ത് ഹര്‍ജിയില്‍ പറയുന്നു.