കേന്ദ്രാവിഷ്‌കൃത പദ്ധതി നടത്തിപ്പിൽ ഗുരുതര വീഴ്ച: കെസി വേണുഗോപാൽ എംപി
ആലപ്പുഴ : കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടാകുന്നുവെന്ന് കെസി വേണുഗോപാൽ എംപിയുടെ വിമർശനം. ആലപ്പുഴ കളക്ടറേറ്റിൽ ചേർന്ന 'ദിശ' മീറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പല കേന്ദ്ര പദ്ധതികളും അതിന്റെ ഉദ്ദേശിച്ച അർത്ഥത്തിൽ പൂർത്തിയാക്കുന്നതിൽ വീഴ്ച സംഭവിക്കുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിലിൽ ദിനങ്ങൾ കുറയുന്നു. അത് പരിഹരിക്കാൻ കൂടുതൽ പ്രവൃത്തികൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും കെസി വേണുഗോപാൽ ആവശ്യപ്പെട്ടു.
ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് സർവീസ് റോഡുകളുടെ നിർമ്മാണം വൈകുന്നതും ഗുണനിലവാരത്തിലെ വീഴ്ച എന്നിവ സംബന്ധിച്ചും കെസി വേണുഗോപാൽ ആശങ്ക അറിയിച്ചു. ഇവ പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും കെസി വേണുഗോപാൽ ചൂണ്ടിക്കാട്ടി. പ്രധാന മന്ത്രി ഗ്രാമീണ സഡക്ക് യോജന പ്രകാരം ജില്ലയിൽ അനുവദിച്ച 56 റോഡുകളിൽ 10 പ്രവർത്തികൾ മാത്രമാണ് ആരംഭിക്കുവാൻ കഴിഞ്ഞത്. ഇതിൽ തന്നെ ചമ്പക്കുളം പാലത്തിങ്കൽ ക്ഷേത്രം ജ്യോതി ജംഗ്ഷൻ റോഡിന്റെ പ്രവൃത്തി കേരള വാട്ടർ അതോറിട്ടിയുമായുള്ള തർക്കത്തിന്റെ പേരിൽ മുടങ്ങികിടക്കുകയാണ്. ഒരാഴ്ചക്കകം ഈ തർക്കം പരിഹരിച്ച് റോഡ് നിർമ്മാണം ആരംഭിക്കണമെന്നും കെസി വേണുഗോപാൽ ആവശ്യപ്പെട്ടു.
ദേശീയ പാത അതോറിട്ടി നടത്തുന്ന നിർമ്മാണ പ്രവൃത്തികളിൽ സുരക്ഷ ഓഡിറ്റ് നടത്തുന്നില്ല. സർവ്വീസ് റോഡും അണ്ടർ പാസും നിർമ്മിക്കുന്നത് സുരക്ഷ മാനദണ്ഡ പ്രകാരം തന്നെയാണോയെന്ന് ഉറപ്പാക്കേണ്ടതാണ്. നാഷണൽ ഹൈവേ അതോറിട്ടിയും കേരള വാട്ടർ അതോറിട്ടിയും തമ്മിൽ ധാരണയാകാത്തതിനാൽ അമൃത് പദ്ധതിയുടെ പല പ്രവർത്തികളും നടപ്പിലാക്കുവാൻ കഴിയുന്നില്ല. ജില്ല കളക്ടർ രണ്ട് വകുപ്പുകളിലേയും ഉദ്യോഗസ്ഥരുമായി ചേർന്ന് സംയുക്ത പരിശോധന നടത്തി ഇത് പരിഹരിക്കുവാൻ നിർദ്ദേശം നൽകി. അമൃത് പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ല തലത്തിൽ കേരള വാട്ടർ അതോറിട്ടി മുനിസിപ്പൽ അധികാരികൾ എന്നിവരുടെ മീറ്റിംഗ് കൃത്യമായ ഇടവേളകളിൽ വിളിച്ച് ചേർക്കേണമെന്നും കെസി വേണുഗോപാൽ എംപി ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ,മുദ്ര ലോണുകളും പട്ടികജാതി,പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള വിവിധ ലോണുകളും അനുവദിക്കുന്നതിൽ ബാങ്കുകൾ വിമുഖത പ്രകടിപ്പിക്കുന്നത് ഒഴിവാക്കണമെന്ന് കെസി വേണുഗോപാൽ എംപി യോഗത്തിൽ ആവശ്യപ്പെട്ടു. ജില്ലയിൽ വിദ്യാഭ്യാസ വായ്പയുടെ ഒരു ശതമാനം മാത്രമാണ് തിരിച്ചടവ് മുടങ്ങുന്നത്. എന്നാൽ അത് പർവ്വതീകരിച്ച് കാണിച്ച് വായ്പ നിഷേധിക്കുന്ന സമീപനം ബാങ്കുകൾ തിരുത്തണം. മത്സ്യമേഖലയിലെ കുടുംബങ്ങളോടുള്ള അവഗണനാ മനോഭാവവും ഉപേക്ഷിക്കണമെന്നും കെസി വേണുഗോപാൽ എംപി ആവശ്യപ്പെട്ടു.
അതിഥി തൊഴിലാളികളുടെ ഇടയിൽ ക്ഷയ രോഗം വ്യാപകമാകുവാനുള്ള സാദ്ധ്യതയുണ്ടന്നും ഇത് പരിശോധിക്കുന്നതിനായി ആരോഗ്യ വകുപ്പും ലേബർ വകുപ്പും സംയുക്തമായി നടപടി സ്വീകരിക്കണമെന്നും കെസി വേണുഗോപാൽ ആവശ്യപ്പെട്ടു. അസംഘടിത മേഖലയിൽ തൊഴിൽ ചെയ്തുവരുന്ന വ്യക്തി മരണപ്പെട്ടാൽ ധന സഹായം ലഭ്യമാക്കുന്ന ഇ.ശ്രം പദ്ധതിയിൽ ജില്ലയിൽ കഴിഞ്ഞ 1 വർഷം രണ്ട് കുടുംബത്തിന് മാത്രമാണ് ധനസഹായം നൽകുവാൻ കഴിഞ്ഞത്. ഈ പദ്ധതിയെ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ ആവശ്യമായ അവബോധം ഇല്ലാത്തതാണ് ഇതിനുള്ള കാരണം. തൊഴിൽ വകുപ്പ് ഇത് സംബന്ധിച്ച് പ്രചാരണം നടത്തേണ്ടതും പരമാവധി കുടുംബങ്ങൾക്ക് ഈ സഹായം ലഭ്യമാക്കേണ്ടതുമാണെന്നും കെസി വേണുഗോപാൽ എംപി നിർദ്ദേശിച്ചു.
വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തിയ കെസി വേണുഗോപാൽ സർക്കാർ ജീവനക്കാർ കേന്ദ്രപദ്ധതികളുടെ നടത്തിപ്പിലും സമയബന്ധിത പൂർത്തീകരണത്തിലും കൂടുതൽ ശ്രദ്ധിക്കണമെന്നും അഭിപ്രായപ്പെട്ടു. കൊടിക്കുന്നിൽ സുരേഷ് എംപി, ജില്ലാ കളക്ടർ അലക്‌സ് വർഗീസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു