നമ്മളെ തകര്‍ക്കാന്‍ നില്‍ക്കുന്നവര്‍ക്കൊപ്പം ഐഷ പോറ്റി പോയതില്‍ വിഷമമുണ്ട്, പിന്നീട് അവര്‍ ദുഃഖിക്കും: കെഎന്‍ ബാലഗോപാല്‍

 

തീരുമാനത്തില്‍ പിന്നീട് ദുഃഖിക്കുമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

 

ഒന്നുമാകാത്ത എത്രയോ സഖാക്കളുണ്ട്. അവര്‍കൂടി പ്രവര്‍ത്തിച്ചല്ലേ ജനപ്രതിനിധിയാകുന്നത്

ഐഷ പോറ്റിയുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ വെകാരിക പ്രതികരണവുമായി ധനമന്ത്രിയും കൊട്ടാരക്കര എംഎല്‍എയുമായ കെ എന്‍ ബാലഗോപാല്‍. കുടുംബത്തിലെ ജ്യേഷ്ഠ സഹോദരി നമ്മളെ തകര്‍ക്കാന്‍ നില്‍ക്കുന്ന ആളുകളോടൊപ്പം ചേര്‍ന്നതില്‍ അതീവ ദുഃഖമുണ്ടെന്നായിരുന്നു കെ എന്‍ ബാലഗോപാലിന്റെ പ്രതികരണം. ഐഷ കോണ്‍ഗ്രസില്‍ പോകാന്‍ പാടില്ലായിരുന്നു. തീരുമാനത്തില്‍ പിന്നീട് ദുഃഖിക്കുമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

'വാസ്തവത്തില്‍ എനിക്ക് അത് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. കുടുംബത്തിലെ ജേഷ്ഠസഹോദരനെപ്പോലെയാണ് അവരെ കണ്ടിട്ടുള്ളത്. അവര്‍ കോണ്‍ഗ്രസില്‍ പോകുന്നത് സ്വപ്നം കാണാന്‍ പറ്റില്ല. നമ്മുടെ വീട്ടിലെ എല്ലാ സൗകര്യങ്ങളും ബഹുമാനവും കൊടുത്ത് നിര്‍ത്തുന്ന മുതിര്‍ന്ന അംഗം നേരെ അപ്പുറത്തെ വീട്ടില്‍പ്പോയി കുടുംബത്തെ തകര്‍ക്കാന്‍ നില്‍ക്കുന്നവരുടെ കൂടെ ചേരുന്നത് ശരിയായ കാര്യമല്ല. ഞെട്ടലും വിഷമവുമുണ്ടാക്കി', കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

വ്യക്തിപരമായി തനിക്ക് ദേഷ്യമില്ല. ഒന്നുമാകാത്ത എത്രയോ സഖാക്കളുണ്ട്. അവര്‍കൂടി പ്രവര്‍ത്തിച്ചല്ലേ ജനപ്രതിനിധിയാകുന്നത്. ഇടതുപക്ഷവും പാര്‍ട്ടിയും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചത് കാണേണ്ടതായിരുന്നു എന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
മൂന്ന് പതിറ്റാണ്ടുകാലം സിപിഐഎമ്മിനൊപ്പം നിന്ന ഐഷ പോറ്റി കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്.