തിരുവനന്തപുരത്ത് അനധികൃത റേഷൻ അരി കടത്ത് ; പൂവാർ സ്വദേശിയുടെ ലോറി കസ്റ്റഡിയിൽ എടുത്ത് പൊലീസ്

തിരുവനന്തപുരത്ത് അനധികൃത റേഷൻ അരി കടത്ത്. പൂവാർ സ്വദേശി കാർത്തികേയന്റെ നേതൃത്വത്തിലുള്ള ലോറി പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഴക്കൂട്ടത്തുവെച്ച് നടത്തിയ പരിശോധനിലാണ്

 

 തിരുവനന്തപുരം: തിരുവനന്തപുരത്ത് അനധികൃത റേഷൻ അരി കടത്ത്. പൂവാർ സ്വദേശി കാർത്തികേയന്റെ നേതൃത്വത്തിലുള്ള ലോറി പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഴക്കൂട്ടത്തുവെച്ച് നടത്തിയ പരിശോധനിലാണ് കാർത്തികേയന്റെ ശ്രീമുരുകൻ എന്ന പേരിലുള്ള ലോറി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തമിഴ്‌നാടിന്റെയും കേരളത്തിന്റെയും ചെക്ക് പോസ്റ്റുകൾ താണ്ടിയാണ് കഴക്കൂട്ടം ദേശീയപാതയിൽ ലോറി എത്തിയത്. ശ്രീമുരുകൻ ലോറി എആർ ക്യാമ്പിലേക്ക് മാറ്റി. കേരള-തമിഴ്‌നാട് അതിർത്തി പ്രദേശം കേന്ദ്രീകരിച്ച് റേഷൻ അരി കടത്ത് നടത്തുന്നതിൽ പ്രധാനിയാണ് കാർത്തികേയൻ.

കേരള-തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ച് റേഷൻ കരിഞ്ചന്ത മാഫിയ സജീവമാണെന്ന് റിപ്പോർട്ടർ എസ്ഐടി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും റേഷൻ അരി സ്വകാര്യമില്ലുകളിൽ പോളിഷ് ചെയ്ത് നിറം ചേർത്ത് പ്രത്യേക ബ്രാൻഡ് ആക്കി വിൽപ്പന നടത്തുന്നതായും റിപ്പോർട്ടർ കണ്ടെത്തിയിരുന്നു. മാഫിയ സംഘത്തിന് വേണ്ടി റേഷൻ അരി എത്തിച്ചുകൊടുക്കാൻ സ്ത്രീകളും ഉണ്ടെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും റിപ്പോർട്ടറിന്റെ ഒളിക്യാമറയിൽ പതിഞ്ഞിരുന്നു.

സംസ്ഥാനത്ത് റേഷനരി തട്ടിപ്പ് നടക്കുന്ന കേന്ദ്രങ്ങളെ കുറിച്ചുള്ള അന്വേഷണത്തിൽ റിപ്പോർട്ടർ സംഘം എത്തിനിന്നത് തമിഴ്നാടിനോട് അതിർത്തി പങ്കുവയ്ക്കുന്ന ഊരമ്പിലായിരുന്നു. പുലർച്ചെ നാലര മണി മുതൽ തന്നെ അരിമില്ലുകളിലേക്ക് ലോറികൾ എത്തിത്തുടങ്ങും. ലോഡുകൾ നിറച്ചാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമാണ് അരിമാഫിയകൾക്ക് ഉള്ളത്. റേഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ മുതൽ വാതിൽപ്പടി വിതരണക്കാരും റേഷൻ ഉടമകളും സഹിതം ഈ മാഫിയയുടെ കണ്ണികളാണെന്നും റിപ്പോർട്ടർ എസ്‌ഐടിയുടെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. റിപ്പോർട്ടർ വാർത്തയ്ക്ക് പിന്നാലെ സിവിൽ സപ്ലൈസ് പരിശോധന കർശനമാക്കിയിരുന്നു.