കാലടി സർവകലാശാലയിൽ വീണ്ടും അനധികൃത പിജി പ്രവേശനം; ഓഡിറ്റ് റിപ്പോർട്ടിൽ അന്വേഷണം പ്രഖ്യാപിച്ചു
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പാസാകാത്ത വിദ്യാർത്ഥികൾക്ക് വീണ്ടും പിജി പ്രവേശനം നൽകിയതായി കണ്ടെത്തൽ. 2017-ലും 2021-ലും ഡിഗ്രി യോഗ്യത നേടാത്തവർക്ക് പിജിക്ക് അഡ്മിഷൻ ലഭിച്ചെന്ന സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ സേവ് യൂണിവേഴ്സിറ്റി കാംപെയിൻ കമ്മിറ്റി ചാൻസിലർക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പാസാകാത്ത വിദ്യാർത്ഥികൾക്ക് വീണ്ടും പിജി പ്രവേശനം നൽകിയതായി കണ്ടെത്തൽ. 2017-ലും 2021-ലും ഡിഗ്രി യോഗ്യത നേടാത്തവർക്ക് പിജിക്ക് അഡ്മിഷൻ ലഭിച്ചെന്ന സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ സേവ് യൂണിവേഴ്സിറ്റി കാംപെയിൻ കമ്മിറ്റി ചാൻസിലർക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
2014-17 കാലഘട്ടത്തിൽ സർവകലാശാലയുടെ തുറവൂർ പ്രാദേശിക കേന്ദ്രത്തിൽ ബിഎയ്ക്ക് പഠിച്ച വിദ്യാർത്ഥിനിക്ക് 2017-ൽ അവിടെത്തന്നെ എംഎയ്ക്ക് പ്രവേശനം ലഭിച്ചെന്നാണ് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്. 2019-ൽ ഇവർ എംഎ പാസാവുകയും ചെയ്തു. എന്നാൽ സർട്ടിഫിക്കറ്റുകൾ കൈപ്പറ്റുന്ന ഘട്ടത്തിലാണ് വിദ്യാർത്ഥിനിക്ക് ഡിഗ്രിക്ക് പാസ് മാർക്ക് ഇല്ലായിരുന്നെന്ന് വ്യക്തമായത്. ഡിഗ്രി അഞ്ചാം സെമസ്റ്ററിലെ എല്ലാ വിഷയങ്ങൾക്കും പരാജയപ്പെട്ടതിനാൽ പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകിയിരുന്നതായും റിപ്പോർട്ടിലുണ്ട്.
2001-ൽ ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് (ബിഎഫ്എ) കോഴ്സിൽ പ്രവേശനം നേടിയ വിദ്യാർത്ഥി 2021-ൽ എംഎഫ്എയ്ക്ക് ചേർന്നതും ക്രമക്കേടായി ഓഡിറ്റിൽ കണ്ടെത്തി. ആ ബാച്ചിൽ ഡിഗ്രി തോറ്റ ഒൻപത് വിദ്യാർത്ഥികളിൽ ഒരാളായിരുന്നു ഇയാൾ. സർട്ടിഫിക്കറ്റ് നൽകുന്ന സമയത്താണ് ഡിഗ്രി വിജയിച്ചിട്ടില്ലെന്ന് തിരിച്ചറിഞ്ഞത്.ഈ വിഷയത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് നേരത്തെ വിശദീകരണം തേടിയെങ്കിലും സർവകലാശാല മറുപടി നൽകിയിരുന്നില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. തുറവൂരിലെ അനധികൃത പ്രവേശനത്തിന് പിന്നിൽ അന്നത്തെ ക്യാമ്പസ് ഡയറക്ടറായിരുന്ന എൽഡിഎഫ് സിൻഡിക്കറ്റ് അംഗമാണെന്നാണ് സേവ് യൂണിവേഴ്സിറ്റി കാംപെയിൻ കമ്മിറ്റിയുടെ ആരോപണം. ഇക്കാര്യത്തിലും അന്വേഷണം നടത്താൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. നേരത്തെയും കാലടി സർവകലാശാലയിൽ ഡിഗ്രി പാസാകാത്തവർക്ക് പിജി പ്രവേശനം ലഭിച്ചത് വലിയ വിവാദമായിരുന്നു. അധ്യാപക അനുപാതം തെറ്റിച്ച് 19 പേരെ അനധികൃതമായി നിയമിച്ചെന്ന ഓഡിറ്റ് കണ്ടെത്തലിലും നേരത്തെ സിൻഡിക്കേറ്റ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.