കെഎസ്‌ആര്‍ടിസിയെ തൊട്ടാൽ ഇനി പണിപാളും; തടവും പിഴയും ശിക്ഷ

കെഎസ്‌ആർടിസി ബസുകളെയോ സർവീസിനിടയില്‍ തടഞ്ഞുനിർത്തി ജീവനക്കാരെ ആക്രമിക്കുകയോ ചെയ്താല്‍ ഇനി യാതൊരു കാരണവശാലും ഒത്തുതീർപ്പില്ല.ഇത് അഞ്ചുവർഷം വരെ തടവും പിഴയും കിട്ടാവുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പെടുന്നതാണെന്ന് കെഎസ്‌ആർടിസി.

 

കെഎസ്‌ആർടിസി ബസുകളെയോ സർവീസിനിടയില്‍ തടഞ്ഞുനിർത്തി ജീവനക്കാരെ ആക്രമിക്കുകയോ ചെയ്താല്‍ ഇനി യാതൊരു കാരണവശാലും ഒത്തുതീർപ്പില്ല.

തിരുവനന്തപുരം: കെഎസ്‌ആർടിസി ബസുകളെയോ സർവീസിനിടയില്‍ തടഞ്ഞുനിർത്തി ജീവനക്കാരെ ആക്രമിക്കുകയോ ചെയ്താല്‍ ഇനി യാതൊരു കാരണവശാലും ഒത്തുതീർപ്പില്ല.ഇത് അഞ്ചുവർഷം വരെ തടവും പിഴയും കിട്ടാവുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പെടുന്നതാണെന്ന് കെഎസ്‌ആർടിസി. അക്രമികള്‍ക്കെതിരേ പിഡിപിപി ആക്ട് ചുമത്തി പോലീസിനക്കൊണ്ട് കേസെടുപ്പിക്കണമെന്ന് സിഎംഡി യൂണിറ്റുകളിലേക്ക് അയച്ച പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ബസിനു കല്ലെറിയുക, ബസ് തടഞ്ഞുനിർത്തി ജീവനക്കാരെ മർദിക്കുക, സർവീസ് റദ്ദാക്കേണ്ടിവരുന്ന സാഹചര്യമുണ്ടാക്കുക തുടങ്ങിയ സംഭവങ്ങള്‍ വർധിച്ചുവരികയാണ്. പൊതുജീവനക്കാരന്റെ ജോലിക്ക് തടസം സൃഷ്ടിക്കുക ഗൗരവമായ കുറ്റകൃത്യമാണ്. ഐപിസി 332, 353, 392, 294 (b) തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ചുമത്തുന്ന നോണ്‍ കോമ്ബൗണ്ടബിള്‍ ഒഫൻസ് ഗണത്തില്‍പ്പെടുന്ന കുറ്റങ്ങള്‍ അഞ്ചു വർഷം വരെ തടവും പിഴയും ലഭിക്കാവുന്നതും ഒത്തുതീർപ്പാക്കാൻ കഴിയാത്തതുമാണെന്ന് മാനേജ്മെന്റ് യൂണിറ്റ് ഓഫീസർമാർക്കു മുന്നറിയിപ്പ് നല്കി.

ഇത്തരം സംഭവങ്ങളില്‍ കേസിനെ നിസാരവത്കരിച്ചുകൊണ്ട് ബസിനുണ്ടാകുന്ന കേടുപാടുകളുടെ നഷ്ടം മാത്രം നല്‍കി ഒത്തുതീർപ്പിനു ശ്രമിക്കുകയും കേസ് അവസാനിപ്പിക്കാൻ ശ്രമം നടത്തുകയും ചെയ്യുന്നതു പതിവാണ്. ഇത് പൊതുസമൂഹത്തില്‍ തെറ്റായ സന്ദേശം നല്കുന്നതും നിയമവ്യവസ്ഥയെ ചോദ്യംചെയ്യുന്നതുമാണെന്നും സിഎംഡി പ്രമോജ് ശങ്കർ യൂണിറ്റ് ഓഫീസർമാർക്കയച്ച സർക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.ഇനി ഇത്തരം സംഭവങ്ങളുണ്ടായാല്‍ ഉടൻ പോലീസില്‍ റിപ്പോർട്ട് ചെയ്ത് കേസ് ചാർജ് ചെയ്യിപ്പിക്കണമെന്ന നിർദേശമാണ് യൂണിറ്റ് ഓഫീസർമാർക്ക് നല്കിയിരിക്കുന്നത്