യുവമോര്‍ച്ചക്കാരോടും എബിവിപിക്കാരോടും ചോദിച്ചാല്‍ കേരളത്തില്‍ ഞങ്ങളുടെ ഭരണമാണെന്ന് പറയും; രൂക്ഷ വിമര്‍ശനവുമായി പിണറായി

സംഘപരിവാര്‍ നയമാണ് യുഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കുന്നത്.

 

. വന്ദേമാതരം വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടല്ല കേരളത്തിലെ സര്‍ക്കാരിനെന്നും പിണറായി കുറ്റപ്പെടുത്തി

യുഡിഎഫ് സര്‍ക്കാരിന് സംഘപരിവാര്‍ അനുകൂല നയമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മണ്ണാര്‍ക്കാട്ടെ സിപിഎം ബഹുജനറാലിയില്‍ പ്രസംഗിക്കവെയാണ് പിണറായി യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. 

യുവ മോര്‍ച്ചക്കാരോടും എബിവിപിക്കാരോടും ചോദിച്ചാല്‍ കേരളത്തില്‍ ഞങ്ങളുടെ ഭരണമാണെന്നു പറയും. വന്ദേമാതരം വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടല്ല കേരളത്തിലെ സര്‍ക്കാരിനെന്നും പിണറായി കുറ്റപ്പെടുത്തി. സംഘപരിവാര്‍ നയമാണ് യുഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കുന്നത്. വിദ്യാഭ്യാസ മേഖലയിലും അതിന് ശ്രമിക്കുന്നതിന്റെ ഭാഗമാണ് പിഎംശ്രീയെന്നും അദ്ദേഹം പറഞ്ഞു.


പിഎംശ്രീ പദ്ധതി എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കേണ്ട എന്ന് തീരുമാനിച്ചതാണ്. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ പിഎംശ്രീക്ക് അനുകൂല നിലപാടെടുത്തു, സവര്‍ക്കറെ പ്രകീര്‍ത്തിക്കുന്ന നിലയുണ്ടാവുന്നു, ബാലഗോകുലത്തിന്റെ മയില്‍പ്പീലി സ്‌കോളര്‍ഷിപ്പ് വരുന്നു. എങ്ങനെ വന്നു ഈ നിലപാടുകള്‍? ഇത് പ്രബുദ്ധകേരളം ചോദ്യം ചെയ്യുമെന്നും പിണറായി വിജയന്‍ പാലക്കാട് പ്രതികരിച്ചു. 

തുടര്‍ച്ചയായ ശിശുമരണങ്ങളുടെ പശ്ചാത്തലത്തില്‍ പാലക്കാട് അട്ടപ്പാടിയില്‍ പിണറായി വിജയന്‍ സന്ദര്‍ശനം നടത്തി. കുഞ്ഞുങ്ങളെ നഷ്ടമായ കുടുംബങ്ങളെ പിണറായി നേരില്‍ കണ്ടു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നല്ല രീതിയില്‍ മുന്നോട്ട് പോയ പല ആദിവാസി ക്ഷേമപദ്ധതികളും ഇപ്പോള്‍ അവതാളത്തിലാണെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പിണറായി ആവശ്യപ്പെട്ടു.