വെള്ളാപ്പള്ളി നടേശനെ തൊട്ടുകളിച്ചാല്‍ തൊടുന്ന കൈ വെട്ടിക്കളയും ; മുസ്ലീം ലീഗിനെതിരെ വെല്ലുവിളി പ്രസംഗവുമായി എസ്എന്‍ഡിപി യൂണിയന്‍ നേതാവ്
എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയെ എവിടെ നേരിട്ടാലും മുസ്ലീം ലീഗിന്റെ മുഴുവന്‍ നേതാക്കന്മാരെയും നടുറോഡില്‍ തടയും.
വെള്ളാപ്പള്ളിക്കെതിരായ മുസ്ലീം ലീഗിന്റെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് പാലായില്‍ നടത്തിയ പ്രതിഷേധ പരിപാടിയിലാണ് വെല്ലുവിളി.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ പരാമര്‍ശങ്ങളില്‍ വെല്ലുവിളി പ്രസംഗവുമായി എസ്എന്‍ഡിപി യൂണിയന്‍ നേതാവ്. വെള്ളാപ്പള്ളി നടേശനെ തൊട്ടാല്‍ തൊടുന്ന മുസ്ലീം ലീഗുകാരുടെ കൈ വെട്ടുമെന്ന് എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടികുന്നേല്‍ പ്രസംഗിച്ചു. വെള്ളാപ്പള്ളിക്കെതിരായ മുസ്ലീം ലീഗിന്റെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് പാലായില്‍ നടത്തിയ പ്രതിഷേധ പരിപാടിയിലാണ് വെല്ലുവിളി.
'ഒരു വെല്ലുവിളിയും നടക്കില്ല. കാസര്‍കോട് തൊട്ട് തിരുവനന്തപുരം വരെയുള്ള രക്തസാക്ഷി മണ്ഡപങ്ങള്‍ നോക്കിക്കഴിഞ്ഞാല്‍ അറിയാം, ആരുടെ മണ്ഡപങ്ങളാണ് ഏറ്റവും കൂടുതല്‍ ഉള്ളതെന്ന്. മുസ്ലീം ലിഗിന്റെയും വേറൊരു ജാതിയുടെയും ഇല്ല, ഇവിടെ നൂറെണ്ണം ഉണ്ടെങ്കില്‍ 99 എണ്ണവും ഈഴവന്റേതാണ്. അതുകൊണ്ട് ഈ വെല്ലുവിളി വളരെ ധൈര്യപൂര്‍വം ഏറ്റെടുക്കുന്നു. എസ്എന്‍ഡിപി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയെ എവിടെ നേരിട്ടാലും മുസ്ലീം ലീഗിന്റെ മുഴുവന്‍ നേതാക്കന്മാരെയും നടുറോഡില്‍ തടയും. വെള്ളാപ്പള്ളി നടേശനെ തൊട്ടുകളിച്ചാല്‍ തൊടുന്ന കൈ വെട്ടിക്കളയും'- മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ പ്രസംഗിച്ചു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ യൂത്ത് ലീഗിന്റെ പരാമര്‍ശങ്ങളില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധം ഉണ്ടാകുന്നുണ്ട്. സംസ്ഥാന മുഖ്യമന്ത്രിയായി വി ഡി സതീശനെ തെരഞ്ഞെടുത്തതിന് പിന്നാലെ നടന്ന ആഹ്ലാദപ്രകടനത്തിലാണ് വെള്ളാപ്പള്ളിക്കെതിരെ മുദ്രാവാക്യം ഉയര്‍ന്നത്.
'ആരാടാ ഈ വെള്ളാപ്പള്ളി, ഏതവനാടാ ഈ സുകുമാരന്‍, പാണക്കാട്ടെ ലീഗ് ആടാ...' എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം. തൊടുപുഴയില്‍ നടന്ന പ്രകടനത്തിന് പിന്നാലെ യൂത്ത് ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റിയെ സംസ്ഥാന നേതൃത്വം സസ്‌പെന്‍ഡ് ചെയ്തിരുന്നു.