ഒന്നിലേറെ നിയമലംഘനങ്ങള്‍ ഉണ്ടെങ്കില്‍ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കണം ; വാഹനങ്ങളിലെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കര്‍ശന നടപടിക്ക് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

ഥാര്‍ ജീപ്പിന്റെ നിയമലംഘനവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ കോടതി പരിശോധിച്ചു.

 

പ്രളയ രക്ഷപ്രവര്‍ത്തനത്തിന് എത്തിയ വണ്ടിയ്ക്ക് ആകെ 5000 രൂപ മാത്രം പിഴ ചുമത്തിയതില്‍ കോടതി അസന്തുഷ്ടി രേഖപ്പെടുത്തി

വാഹനങ്ങളിലെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കര്‍ശന നടപടിക്ക് നിര്‍ദ്ദേശിച്ച് ഹൈക്കോടതി. ഒന്നിലേറെ നിയമലംഘനങ്ങള്‍ ഉണ്ടെങ്കില്‍ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കണം. പ്രളയ രക്ഷപ്രവര്‍ത്തനത്തിന് എത്തിയ വണ്ടിയ്ക്ക് ആകെ 5000 രൂപ മാത്രം പിഴ ചുമത്തിയതില്‍ കോടതി അസന്തുഷ്ടി രേഖപ്പെടുത്തി. ഥാര്‍ ജീപ്പിന്റെ നിയമലംഘനവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ കോടതി പരിശോധിച്ചു. ഥാര്‍ ജീപ്പില്‍ ആറ് അധിക ലൈറ്റുകള്‍ ഘടിപ്പിച്ചിരുന്നതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതിന് 5000 രൂപ പിഴയും പിയുസി സംബന്ധമായ ലംഘനത്തിന് 2000 രൂപ പിഴയുമാണ് ചുമത്തിയത്. ആറ് അനധികൃത ലൈറ്റുകള്‍ക്കായി ആകെ 5000 രൂപ മാത്രം പിഴ ചുമത്തിയതിലാണ് കോടതി അസന്തുഷ്ടി രേഖപ്പെടുത്തിയത്. പ്രളയ രക്ഷപ്രവര്‍ത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ഇട്ടതിനാണ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം നല്‍കിയതെങ്കില്‍ പിഴ പോരെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.

അനുവദനീയമായതില്‍ കൂടുതലായി ഒരു ലൈറ്റും വാഹനത്തില്‍ ഘടിപ്പിക്കരുത്. വീതിയേറിയ ടയറുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കണം. അതിതീവ്ര വെളിച്ചമുള്ള എല്‍ഇഡി ലൈറ്റുകള്‍, കളര്‍ ലൈറ്റുകള്‍ എന്നിവ അനുവദനീയമല്ല. ഇത്തരം ലൈറ്റുകള്‍ കാല്‍നടക്കാരെയും മറ്റു വാഹനങ്ങളെയും അപകടത്തില്‍ ആക്കുമെന്ന് കോടതി വിലയിരുത്തി. ശബ്ദവും തീയും ഉണ്ടാകുന്ന പുകക്കുഴലുകള്‍ അപകട സാധ്യത സൃഷ്ടിക്കുന്നതാണ്. ഇത് കര്‍ശനമായി നിയന്ത്രിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന എല്ലാ മോഡിഫിക്കേഷനിലും പൊലീസും എംവിഡിയും കര്‍ശന നടപടി എടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു