എസ്എൻഡിപിക്കെതിരെ ആരെങ്കിലും വാളോങ്ങാൻ വന്നാൽ അതിന് മുന്നിൽ മൗനം പാലിക്കാൻ കഴിയില്ല;ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടനയെന്ന് വെള്ളാപ്പള്ളി നടേശൻ

സംസ്ഥാനത്തെ ചില സാമൂഹ്യ യാഥാർത്ഥ്യങ്ങൾ തുറന്നുപറഞ്ഞതിന്റെ പേരിൽ തന്നെ ബോധപൂർവ്വം തിരഞ്ഞുപിടിച്ച് ആക്ഷേപിക്കാൻ ശ്രമം നടക്കുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തനിക്കെതിരെ ഉയരുന്ന ഇത്തരം വിമർശനങ്ങൾ പുത്തരിയല്ലെന്നും എന്നാൽ എസ്എൻഡിപിക്കെതിരെ ആരെങ്കിലും വാളോങ്ങാൻ വന്നാൽ അതിന് മുന്നിൽ മൗനം പാലിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി

 

ആലപ്പുഴ: സംസ്ഥാനത്തെ ചില സാമൂഹ്യ യാഥാർത്ഥ്യങ്ങൾ തുറന്നുപറഞ്ഞതിന്റെ പേരിൽ തന്നെ ബോധപൂർവ്വം തിരഞ്ഞുപിടിച്ച് ആക്ഷേപിക്കാൻ ശ്രമം നടക്കുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തനിക്കെതിരെ ഉയരുന്ന ഇത്തരം വിമർശനങ്ങൾ പുത്തരിയല്ലെന്നും എന്നാൽ എസ്എൻഡിപിക്കെതിരെ ആരെങ്കിലും വാളോങ്ങാൻ വന്നാൽ അതിന് മുന്നിൽ മൗനം പാലിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനയുടെ മുഖപത്രമായ യോഗനാദത്തിലെ എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളി തന്റെ നിലപാടുകൾ പരസ്യമാക്കിയത്.

കേരളത്തിലെ ചില സാമൂഹ്യയാഥാർത്ഥ്യങ്ങൾ തുറന്നുപറഞ്ഞതാണ് താൻ ചെയ്ത തെറ്റെങ്കിൽ, ആ തെറ്റ് പൂർവ്വാധികം ശക്തിയോടെ മുന്നോട്ട് കൊണ്ടുപോകാൻ തന്നെയാണ് തന്റെ തീരുമാനമെന്ന് അദ്ദേഹം കുറിച്ചു. വെറും ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്ന് ഓടുന്നയാളല്ല താനും തന്റെ സംഘടനയുമെന്നും വെള്ളാപ്പള്ളി ഓർമ്മിപ്പിച്ചു. കേരള ജനസംഖ്യയുടെ പകുതിയോളം വരുന്ന പിന്നാക്ക, പട്ടികജാതി, പട്ടികവർഗ്ഗ ജനസമൂഹത്തിന്റെ യഥാർത്ഥ ആശങ്കകളാണ് യോഗം ജനറൽ സെക്രട്ടറിയെന്ന നിലയിൽ താൻ ഉന്നയിക്കുന്നത്. 

ഭരണം നിലനിർത്താനും അധികാരം പിടിച്ചെടുക്കാനും വേണ്ടി കേരളത്തിലെ പ്രധാന രാഷ്ട്രീയ മുന്നണികൾ മതേതര കുപ്പായമിട്ട മുസ്ലിം ലീഗെന്ന ലക്ഷണമൊത്ത വർഗ്ഗീയ സംഘടനയെ താലോലിക്കുന്നത് കാണുമ്പോൾ മിണ്ടാതിരിക്കാൻ കഴിയില്ല. മുസ്ലിം ലീഗിനെ രാഷ്ട്രീയമായി വിമർശിക്കുന്നവരെ ഉടൻ തന്നെ വർഗ്ഗീയവാദിയാക്കി ചിത്രീകരിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ കേരളത്തിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു.