'ഷാഫി എ ഗ്രൂപ്പെങ്കിൽ എട്ടാമത്തെ അത്ഭുതം'; സൈബർ ആക്രമണത്തിന് പിന്നിൽ അടൂരുകാരൻ ശിഷ്യനെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
ഷാഫി പറമ്പിൽ എംപിക്കും അദ്ദേഹത്തോട് അടുപ്പമുള്ളവർക്കുമെതിരെ രൂക്ഷവിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്ത്. ഷാഫി പറമ്പിൽ എ ഗ്രൂപ്പാണെന്ന് പറഞ്ഞാൽ അത് ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിരിക്കുമെന്നും, തനിക്കെതിരായ ആസൂത്രിത സൈബർ ആക്രമണത്തിന് പിന്നിൽ ഷാഫിക്ക് വേണ്ടി അടൂരുകാരനായ ശിഷ്യനാണെന്നും ഉണ്ണിത്താൻ ആരോപിച്ചു.
കാസർകോട്: ഷാഫി പറമ്പിൽ എംപിക്കും അദ്ദേഹത്തോട് അടുപ്പമുള്ളവർക്കുമെതിരെ രൂക്ഷവിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്ത്. ഷാഫി പറമ്പിൽ എ ഗ്രൂപ്പാണെന്ന് പറഞ്ഞാൽ അത് ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിരിക്കുമെന്നും, തനിക്കെതിരായ ആസൂത്രിത സൈബർ ആക്രമണത്തിന് പിന്നിൽ ഷാഫിക്ക് വേണ്ടി അടൂരുകാരനായ ശിഷ്യനാണെന്നും ഉണ്ണിത്താൻ ആരോപിച്ചു.
സോളാർ കേസ് കാലത്ത് ഉമ്മൻ ചാണ്ടിയെ പ്രതിരോധിക്കാൻ താനും സിദ്ദിഖും മാത്രമാണ് ഉണ്ടായിരുന്നതെന്നും, ഇന്ന് 'ഉമ്മൻ ചാണ്ടി സ്കൂൾ' എന്ന് അവകാശപ്പെടുന്നവർ അന്ന് പ്രതിച്ഛായ ഭയന്ന് ഒളിച്ചോടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവസാന നാളുകളിൽ ഉമ്മൻ ചാണ്ടി നിർദേശിച്ചയാളെ ഒഴിവാക്കി, ആ കുറിപ്പ് വലിച്ചുകീറിയാണ് അടൂരുകാരനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കിയതെന്നും ഉണ്ണിത്താൻ ആരോപിച്ചു.
തനിക്കെതിരായ സൈബർ ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ 'പനമ്പിള്ളി നഗറിലെ ഫ്ലാറ്റ്', '2020 എന്ന വണ്ടി നമ്പർ' എന്നിവയുമായി ബന്ധപ്പെട്ട രഹസ്യങ്ങളും തന്റെ ഡയറിയിലെ വിവരങ്ങളും പരസ്യപ്പെടുത്തുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ മുന്നറിയിപ്പ് നൽകി. താൻ പറഞ്ഞതിൽ എന്തെങ്കിലും അടിസ്ഥാനരഹിതമാണെന്ന് തെളിയിച്ചാൽ പൊതുജീവിതം അവസാനിപ്പിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഷാഫി പറമ്പിലിനെ വിമർശിച്ച ഉണ്ണിത്താനെതിരെ യൂത്ത് കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. മുൻകാലങ്ങളിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്ക് സസ്പെൻഷൻ നേരിട്ട ഉണ്ണിത്താനെപ്പോലെയല്ല ഷാഫി പറമ്പിൽ എന്നും, പാർട്ടിക്ക് വേണ്ടി വലിയ പ്രവർത്തനങ്ങളാണ് ഷാഫി നടത്തിയതെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിനോദ് ചെറാട് ഫേസ്ബുക്ക് കുറിപ്പിലൂടെ തിരിച്ചടിച്ചു.