'ഇപ്പോൾ ഞാൻ തീരുമാനിച്ചാൽ 25 പഞ്ചായത്തുകൾ എൽ.ഡി.എഫിന്‍റെ കയ്യിൽ നിന്ന് പോകും' : പി.വി. അൻവർ

ഇപ്പോൾ താൻ തീരുമാനിച്ചാൽ 25 പഞ്ചായത്തുകൾ എൽ.ഡി.എഫിന്‍റെ കയ്യിൽ നിന്ന് പോകുമെന്ന് പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ മാത്രമായിരിക്കില്ല ഇത്. മലപ്പുറം ജില്ലയിൽ പലയിടത്തും പഞ്ചായത്തുകൾ പോകും.

 

നിലമ്പൂർ: ഇപ്പോൾ താൻ തീരുമാനിച്ചാൽ 25 പഞ്ചായത്തുകൾ എൽ.ഡി.എഫിന്‍റെ കയ്യിൽ നിന്ന് പോകുമെന്ന് പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ മാത്രമായിരിക്കില്ല ഇത്. മലപ്പുറം ജില്ലയിൽ പലയിടത്തും പഞ്ചായത്തുകൾ പോകും. ചിലപ്പോൾ കോഴിക്കോടും പാലക്കാടും പോകും. സി.പി.എം ഒരു വെല്ലുവിളിക്ക് വരികയാണെങ്കിൽ താൻ അതിന് തയാറാകും. അതിലേക്കൊക്കെ പോകണമോയെന്ന് സി.പി.എം നേതൃത്വം ആലോചിക്കണമെന്നും അൻവർ പറഞ്ഞു.

എന്‍റെ മെക്കിട്ട് കേറാൻ വരുമ്പോൾ ഞാൻ പറഞ്ഞുകൊണ്ടേയിരിക്കും. പാർട്ടി പറഞ്ഞത് അനുസരിച്ചില്ല എന്നാണ് എൽ.ഡി.എഫ് കൺവീനർ പറഞ്ഞത്. എന്നാൽ, ഈ നിമിഷം വരെ പാർട്ടിയെ ഞാൻ തള്ളിപ്പറഞ്ഞിട്ടില്ല. ഞാൻ പറഞ്ഞ കാര്യങ്ങൾ പരിശോധിക്കാതെ എന്നെ കള്ളനാക്കാനാണ് മുഖ്യമന്ത്രി വന്നത്. അത് ഞാൻ സഹിക്കുമോ. രണ്ട് ദിവസമായി നടക്കുന്നത് എന്നെ മതവർഗീയ വാദിയാക്കാനുള്ള ശ്രമമാണ്. എന്നലെ എനിക്ക് 150 കൊല്ലത്തെ ചരിത്രം പറയേണ്ടിവന്നു. അത് പറയിപ്പിക്കുന്നത് സി.പി.എം നേതൃത്വമാണെന്നും അൻവർ പറഞ്ഞു.

താന്‍ തുടങ്ങിയ നീക്കം വിപ്ലവമായി മാറുമെന്ന് അന്‍വര്‍ അവകാശപ്പെട്ടു. തന്‍റെ നീക്കങ്ങളെ ജനം വിലയിരുത്തട്ടെ. നിലമ്പൂരിലെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആരെയും ക്ഷണിച്ചിട്ടില്ല. ചെറുപ്പക്കാരുടെ പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യാതെ തന്‍റെ നെഞ്ചത്തോട്ട് കയറുകയല്ല ചെയ്യേണ്ടത്. തന്റെ പാര്‍ക്കിന് എതിരായ നടപടിക്ക് ഇനി സ്പീഡ് കൂടും. താന്‍ ആ വഴിക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു.

ഒറ്റക്ക് ഒരു രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി പോകുകയല്ല ലക്ഷ്യം. ജനങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയായി മാറുകയാണെങ്കിൽ അതിനൊപ്പം താൻ ഉണ്ടാകും. അതിനർഥം രാഷ്ട്രീയ പാർട്ടി ഉണ്ടാക്കില്ലെന്നുമല്ല. നിലവിലെ വിഷയത്തിൽ പ്രതികരിച്ച് നൂറുകണക്കിനാളുകൾ മുന്നോട്ടുവരുന്നുണ്ട്. അൻവറിനെ സ്നേഹിക്കുന്ന ജനങ്ങൾ 140 മണ്ഡലത്തിലുമുണ്ട്. തന്‍റെ പിന്നിൽ മറ്റാരുമില്ലെന്നും അൻവർ പറഞ്ഞു.