'സഹായിക്കാനാവുമെങ്കില്‍ ഞാനത് ചെയ്യും; വിവരങ്ങള്‍ കൈമാറാമോ?' പിഎസ്‌സി റാങ്ക് ജേതാക്കളുടെ സമരത്തില്‍ രഞ്ജിനി ഹരിദാസ്

എന്തുകൊണ്ടാണ് പിഎസ്സി സമരത്തെക്കുറിച്ച് സംസാരിക്കാത്തതെന്ന ചോദ്യവും ഉയര്‍ന്നിരുന്നു.

 

വിഷയം കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ തന്റെ ശബ്ദം സഹായിക്കുമെന്ന് നിങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ പങ്കെടുക്കാന്‍ സന്തോഷമേയുള്ളൂവെന്നും സഹായിക്കാന്‍ തയ്യാറാണെന്നും രഞ്ജിനി കുറിച്ചു. 

പിഎസ്സി റാങ്ക് ജേതാക്കളുടെ സമരത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കൈമാറുകയാണെങ്കില്‍ പഠിച്ച ശേഷം അതിന്റെ ഭാഗമാകാമെന്ന് അവതാരക രഞ്ജിനി ഹരിദാസ്. നീറ്റ് പരീക്ഷാക്രമക്കേടില്‍ കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രഥാന്റെ രാജിയിലേക്ക് നയിച്ച കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സമരത്തില്‍ രഞ്ജിനി പങ്കെടുത്തിരുന്നു. സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡല്‍ഹിയിലും കേരളത്തിലും സംഘടിപ്പിച്ച സമരത്തില്‍ രഞ്ജിനി സജീവമായതിന് പിന്നാലെ എന്തുകൊണ്ടാണ് പിഎസ്സി സമരത്തെക്കുറിച്ച് സംസാരിക്കാത്തതെന്ന ചോദ്യവും ഉയര്‍ന്നിരുന്നു.

പിഎസ്സി റാങ്ക് ജേതാക്കളുടെ സമരത്തെക്കുറിച്ച് സംസാരിക്കുമോയെന്ന് ചോദിച്ച് തനിക്ക് നിരന്തരം സന്ദേശങ്ങള്‍ വരുന്നുണ്ടെന്നും സംസാരിക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്നും രഞ്ജിനി പറയുന്നു. ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ അതിന്റെ പശ്ചാത്തലത്തെക്കുറിച്ചുള്‍പ്പെടെ വിവരങ്ങള്‍ ആവശ്യമുണ്ടെന്നും രഞ്ജിനി വ്യക്തമാക്കി. 'ഓണ്‍ലൈനില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. പ്രതിഷേധത്തിന്റെ ഭാഗമായ ആരോടെങ്കിലും നിലവിലെ സാഹചര്യത്തെക്കുറിച്ച് എനിക്ക് സംസാരിക്കാന്‍ സാധിക്കുമോ?', രഞ്ജിനി കുറിച്ചു.

പഠിച്ച ശേഷം, വിഷയം കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ തന്റെ ശബ്ദം സഹായിക്കുമെന്ന് നിങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ പങ്കെടുക്കാന്‍ സന്തോഷമേയുള്ളൂവെന്നും സഹായിക്കാന്‍ തയ്യാറാണെന്നും രഞ്ജിനി കുറിച്ചു. പിഎസ്സി റാങ്ക് ജേതാക്കള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും ശ്രദ്ധയില്‍പ്പെടുത്തിയതിന് നന്ദിയെന്നും രഞ്ജിനി അറിയിച്ചു.