പിപി മുകുന്ദനെപ്പോലെയാണ് എല്ലാനേതാക്കളുമെങ്കില്‍ തനിക്ക് ആര്‍എസ്എസിനെ ഇഷ്ടമാണ് ; സി ദിവാകരന്‍

തിരുവനന്തപുരത്ത് പിപി മുകുന്ദന്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

പിപി മുകുന്ദനെപ്പോലെയാണ് എല്ലാനേതാക്കളുമെങ്കില്‍ തനിക്ക് ആര്‍എസ്എസിനെ ഇഷ്ടമാണെന്ന് മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍. കമ്മ്യൂണിസ്റ്റുകാര്‍ക്ക് കമ്മ്യൂണിസ്റ്റ് ശൈലി നഷ്ടമായെന്നും ദിവാകരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് പിപി മുകുന്ദന്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം മണക്കാട് പണ്ട് ആര്‍എസ്എസിന്റെ ശാഖ തുടങ്ങുന്നതിനെ എതിര്‍ത്തപ്പോള്‍ തന്റെ വീട്ടിലെത്തി സൗമ്യഭാവത്തോടെ സംസാരിച്ച പിപി മുകുന്ദനെ ഓര്‍ത്തുകൊണ്ടായിരുന്നു സി ദിവാകരന്റെ പ്രസംഗം. സദസിലും വേദിയിലും ദിവാകരന്റെ വാക്കുകള്‍ക്ക് പിന്നാലെ ചിരിയുയര്‍ന്നു. പിപി മുകുന്ദന് കമ്മ്യൂണിസ്റ്റ് ശൈലിയാണെന്ന് പറഞ്ഞ സി ദിവാകരന്‍, കമ്യൂണിസ്റ്റുകളെ പൊതുവേദിയില്‍ വിമര്‍ശിക്കുകയും ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പങ്കെടുത്ത അനുസ്മരണയോഗത്തില്‍ പ്രധാന നേതാക്കള്‍ പോയ ശേഷമായിരുന്നു സി ദിവാകരന്റെ പ്രസംഗം. കെ സുരേന്ദ്രനോട് പിപി മുകുന്ദന്റെ ശൈലി സ്വീകരിക്കണമെന്ന് ഉപദേശിച്ചാണ് സി ദിവാകരന്‍ പ്രസംഗം അവസാനിപ്പിച്ചത്.