സ്വതന്ത്രന്‍ എന്ന നിലയില്‍ മുന്നോട്ട് പോകും, യുഡിഎഫിന്റെ നിലപാടിനൊപ്പം നില്‍ക്കും ; വി കുഞ്ഞികൃഷ്ണന്‍

ഐക്യ ജനാധിപത്യ മുന്നണിയുടെ ഓഫീസില്‍ എത്തിയത് തന്റെ ചുമതല കൂടിയാണ്.

 

മത്സര രംഗത്ത് ഇറങ്ങിയപ്പോള്‍ അനുകൂലമായ ഒരു സാഹചര്യം ഉണ്ടായെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അകത്ത് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത അപചയം ചൂണ്ടിക്കാണിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് പയ്യന്നൂരില്‍ വിജയിച്ച യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണന്‍. എന്നാല്‍ പാര്‍ട്ടി തെറ്റ് ചെയ്തവരെ സംരക്ഷിക്കുകയും ചൂണ്ടിക്കാണിച്ചവരെ ക്രൂശിക്കുകയുമാണ് ചെയ്തത്. സിപിഐഎമ്മിന് അടിയൊഴുക്ക് മുന്‍കൂട്ടി കണക്കാക്കാന്‍ കഴിഞ്ഞില്ല. അടിയൊഴുക്ക് ശക്തമായിരുന്നു എന്ന് ഇപ്പോള്‍ ബോധ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ജയിക്കുമെന്ന പ്രതീക്ഷയിലോ ജയിക്കാനോ അല്ല മത്സരിച്ചത്. എന്നാല്‍ മത്സര രംഗത്ത് ഇറങ്ങിയപ്പോള്‍ അനുകൂലമായ ഒരു സാഹചര്യം ഉണ്ടായെന്നും വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

ഐക്യ ജനാധിപത്യ മുന്നണിയുടെ ഓഫീസില്‍ എത്തിയത് തന്റെ ചുമതല കൂടിയാണ്. സിപിഐഎം നടത്തുന്ന ആക്ഷേപം താന്‍ കോണ്‍ഗ്രസ് ആയി എന്നാണ്. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കും പോകില്ലെന്ന് തുടക്കം മുതല്‍ പറഞ്ഞിരുന്നു. അതുകൊണ്ട് പ്രചാരണങ്ങള്‍ ഒന്നും ഏശിയില്ല. സ്വതന്ത്രന്‍ എന്ന നിലയില്‍ മുന്നോട്ട് പോകും. യുഡിഎഫിന്റെ നിലപാടിനൊപ്പം നില്‍ക്കുമെന്നും വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.