'കുട്ടിയെ നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തതല്ല', ചെവിയില്‍ പിടിച്ചത് തമാശയ്ക്ക്; കെ ടി ജലീല്‍

എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയവരെ അനുമോദിക്കുന്ന പരിപാടിയിൽ വിദ്യാർത്ഥികളെ അപമാനിച്ചുവെന്ന ആരോപണത്തിൽ  പ്രതികരിച്ച് കെ ടി ജലീല്‍.

 

കുട്ടിക്കും അങ്ങനെ തോന്നിയിട്ടില്ല. ചടങ്ങില്‍ പങ്കെടുത്ത ഏതെങ്കിലും ഒരു കുട്ടിക്കോ രക്ഷിതാവിനോ അപമാനം തോന്നിയെന്ന് പറഞ്ഞാല്‍ നൂറുവട്ടം ക്ഷമചോദിക്കാന്‍ തയ്യാറാണെന്നും കെ ടി ജലീല്‍ പറഞ്ഞു

മലപ്പുറം: എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയവരെ അനുമോദിക്കുന്ന പരിപാടിയിൽ വിദ്യാർത്ഥികളെ അപമാനിച്ചുവെന്ന ആരോപണത്തിൽ  പ്രതികരിച്ച് കെ ടി ജലീല്‍.അധ്യാപകനെന്ന നിലയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്ന ശീലമുണ്ടെന്നും തമാശയ്ക്ക് പിടിക്കുന്നതുപോലെയാണ് ചെവിയില്‍ പിടിച്ചതെന്നും കെ ടി ജലീല്‍. കുട്ടിയെ നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തതല്ല.

കുട്ടിക്കും അങ്ങനെ തോന്നിയിട്ടില്ല. ചടങ്ങില്‍ പങ്കെടുത്ത ഏതെങ്കിലും ഒരു കുട്ടിക്കോ രക്ഷിതാവിനോ അപമാനം തോന്നിയെന്ന് പറഞ്ഞാല്‍ നൂറുവട്ടം ക്ഷമചോദിക്കാന്‍ തയ്യാറാണെന്നും കെ ടി ജലീല്‍ പറഞ്ഞു.'അപമാനിച്ചതായി തോന്നിയില്ലെന്നാണ് വിദ്യാര്‍ത്ഥികളും പറഞ്ഞത്.

കുട്ടികള്‍ക്ക് പൊതുവായന കുറവാണ്. അതൊരു പ്രശ്‌നമാണ്. മലയാളം ചെറുകഥ പോലും വിദ്യാര്‍ത്ഥികള്‍ വായിച്ചിട്ടില്ലെന്ന് മനസ്സിലായി. പാഠപുസ്തകം മാത്രമാണ് വായിക്കുന്നത്. ആ നിലയ്ക്കാണ് വിദ്യാര്‍ത്ഥികളുമായി സംസാരിച്ചത്. വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്ന പരിപാടിയില്‍ സദസ്സിനെ കൂടി പരിപാടിയുടെ ഭാഗമാക്കുന്നത് എന്റെ രീതിയാണ്', കെ ടി ജലീല്‍ പറഞ്ഞു.

അതേസമയം പരിപാടിയിൽ വിദ്യാർത്ഥികളെ അപമാനിച്ചുവെന്ന ആരോപണത്തിൽ കെടി ജലീലിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തിരിക്കുകയാണ്. കുട്ടികളെ സ്റ്റേജിലേക്ക് വിളിച്ച് വരുത്തി ഹിന്ദി എഴുതിക്കുകയും തെറ്റിച്ചപ്പോൾ പരസ്യമായി ശാസിക്കുകയും ചെവിയിൽ നുള്ളുകയും ചെയ്തുവെന്നാണ് ആരോപണം.