'മദ്യക്കുപ്പിയുടെ 20 രൂപ ഡെപ്പോസിറ്റ് പദ്ധതി തുടരാന്‍ തീരുമാനമെടുത്ത എക്സൈസ് മന്ത്രി എം ലിജുവിന് നന്ദി'; അഭിനന്ദിച്ച് മുന്‍ മന്ത്രി എം ബി രാജേഷ്

കക്ഷിരാഷ്ട്രീയത്തിനതീതമായി ശരിയായ നിലപാട് സ്വീകരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത്തരത്തിലൊന്നാണ് ഈ പദ്ധതി.

 

എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി തുടരാന്‍ തീരുമാനമെടുത്തതില്‍ മന്ത്രി എം ലിജുവിനെ അഭിനന്ദിച്ചുകൊണ്ടും നന്ദി പറഞ്ഞുകൊണ്ടും രാജേഷ് ഫേസ്ബുക്ക് പോസ്റ്റിടുകയായിരുന്നു

മദ്യക്കുപ്പിക്ക് ഡെപ്പോസിറ്റ് വാങ്ങുകയും കുപ്പി തിരികെ നല്‍കുമ്പോള്‍ ഇത് തിരിച്ചുകൊടുക്കുകയും ചെയ്യുന്ന പദ്ധതി തുടരാന്‍ തീരുമാനിച്ചതില്‍ എക്സൈസ് മന്ത്രിയെ അഭിനന്ദിച്ച് മുന്‍ എക്സൈസ് മന്ത്രി എം ബി രാജേഷ്. മദ്യക്കുപ്പികള്‍ വലിച്ചെറിയുന്നത് തടയാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി തുടരാന്‍ തീരുമാനമെടുത്തതില്‍ മന്ത്രി എം ലിജുവിനെ അഭിനന്ദിച്ചുകൊണ്ടും നന്ദി പറഞ്ഞുകൊണ്ടും രാജേഷ് ഫേസ്ബുക്ക് പോസ്റ്റിടുകയായിരുന്നു. പദ്ധതി വേണ്ടെന്ന് വയ്ക്കുകയാണെന്ന് വാര്‍ത്തിയില്‍ കണ്ടപ്പോള്‍ നിരാശ തോന്നിയിരുന്നുവെന്നും സമയോചിതമായി ഇടപെട്ട മന്ത്രി ലിജുവിനെ അഭിനന്ദിക്കുന്നതായും എം ബി രാജേഷ് കുറിച്ചു.

എം ബി രാജേഷിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:

മദ്യം വാങ്ങുമ്പോള്‍ ഒരു മദ്യക്കുപ്പിക്ക് 20 രൂപ ഡിപ്പോസിറ്റ് വാങ്ങാനും മദ്യക്കുപ്പി തിരിച്ചേല്‍പ്പിക്കുമ്പോള്‍ ആ ഡിപ്പോസിറ്റ് തുക തിരിച്ചുകൊടുക്കാനുമുള്ള ഒരു പദ്ധതി എല്‍ ഡി എഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരുന്നു. മദ്യക്കുപ്പികള്‍ വലിച്ചെറിയുന്നതു മൂലം പ്ലാസ്റ്റിക് മലിനീകരണം രൂക്ഷമാകുന്നത് തടയാന്‍ ലക്ഷ്യമിട്ടുള്ള ഒരു പദ്ധതിയായിരുന്നു അത്. കേരളത്തില്‍ പ്രതിവര്‍ഷം ഏകദേശം 70 കോടി മദ്യക്കുപ്പികളാണ് ബെവ്കോ പുറത്തിറക്കുന്നത്. അതില്‍ 80 ശതമാനമാണ് പ്ലാസ്റ്റിക് കുപ്പികള്‍. ഇത്രയും മദ്യക്കുപ്പികള്‍ വലിച്ചെറിയുന്നതിന് പകരം തിരിച്ചെത്തുകയും ശാസ്ത്രീയമായ റീസൈക്ലിങ്ങിന് വിധേയമാവുകയും ചെയ്യുന്നുവെന്നത് വലിയ നേട്ടമായിരുന്നു.

ആ പദ്ധതി വേണ്ടെന്നുവെക്കാന്‍ തീരുമാനിച്ചെന്ന വാര്‍ത്ത ഇന്ന് രാവിലെ പത്രത്തില്‍ കണ്ടപ്പോള്‍ നിരാശ തോന്നിയിരുന്നു. എന്നാല്‍ എക്സൈസ് മന്ത്രി ശ്രീ. എം. ലിജു ഇടപെട്ട് ആ പദ്ധതി തുടരാന്‍ തീരുമാനിച്ചതായി അറിഞ്ഞു. കക്ഷിരാഷ്ട്രീയത്തിനതീതമായി ശരിയായ നിലപാട് സ്വീകരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത്തരത്തിലൊന്നാണ് ഈ പദ്ധതി. ഇതില്‍ സമയോചിതമായി ഇടപെടുകയും തുടരാനുള്ള ശരിയായ തീരുമാനമെടുക്കുകയും ചെയ്ത എക്സൈസ് മന്ത്രി ശ്രീ. എം ലിജുവിന് നന്ദി, അഭിനന്ദനങ്ങള്‍.