എങ്ങനെ കോണ്‍ഗ്രസുകാര്‍ ബിജെപിയില്‍ പോകാതിരിക്കും?; അവരുടെ രീതികള്‍ തന്നെ കോണ്‍ഗ്രസും പകര്‍ത്തുകയല്ലേ?: മന്ത്രി എം ബി രാജേഷ്

തരൂരിനെ പോലൊരാള്‍ക്ക് കോണ്‍ഗ്രസിന്റെ അത്യുന്നത സമിതിയില്‍ ഇപ്പോഴും ഇരിക്കാമെങ്കില്‍ മറ്റത്തൂരിലെ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗങ്ങള്‍ ബിജെപിയില്‍ പോയതില്‍ എന്തത്ഭുതം?

 

ബിജെപി ബാധ കോണ്‍ഗ്രസില്‍ ഒരു പകര്‍ച്ചവ്യാധിയായി പടരുകയാണ്; ഹൈക്കമാന്‍ഡ് മുതല്‍ പഞ്ചായത്ത് വരെ.


മറ്റത്തൂരിലെ രാഷ്ട്രീയ നീക്കങ്ങളിലും കര്‍ണാടകയിലെ ബുള്‍ഡോസര്‍ ഉപയോഗിച്ചുള്ള പൊളിച്ചുനീക്കലിലും കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് മന്ത്രി എം ബി രാജേഷ്. 

കുറിപ്പിന്റെ പൂര്‍ണരൂപം....

അവരുടെ പണിപ്പുരയില്‍ ഒരുങ്ങുന്നത്
കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്കുള്ള ദൂരം കുറഞ്ഞു കുറഞ്ഞു വരുന്നതാണ് ദിനേന കാണുന്നത്. ഒരു വെള്ളക്കടലാസില്‍ എഴുതിയ രണ്ടേ രണ്ട് വരിയിലാണ് മറ്റത്തൂരിലെ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗങ്ങള്‍ ഒന്നടങ്കം സ്വന്തം പാര്‍ട്ടി ഉപേക്ഷിച്ച് ബിജെപിയെ പുല്‍കിയത്. ഒന്നോ രണ്ടോ പേരല്ലെന്ന് ഓര്‍ക്കണം. ആഴ്ചകള്‍ക്ക് മുമ്പ് കൈപ്പത്തിയില്‍ ജയിച്ചവര്‍ ഒന്നടങ്കമാണ് ബിജെപി ആയത്. എങ്ങനെയാണ് ഇത്ര എളുപ്പം കോണ്‍ഗ്രസിനാകെ ബിജെപി ആകാന്‍ കഴിയുന്നത്? ശശി തരൂരിനോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടുക്കുന്ന സമീപനം നോക്കിയാല്‍ മതി ഉത്തരം കിട്ടാന്‍. ദിവസം മൂന്നുനേരമെന്നോണം മോദിയെ സ്തുതിക്കുന്ന തരൂര്‍ കഴിഞ്ഞ ദിവസവും കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതിയായ പ്രവര്‍ത്തക സമിതിയില്‍ പങ്കെടുത്തു! ബിജെപി സല്‍ക്കാരങ്ങളില്‍ പതിവ് അതിഥിയായ തരൂരിനെ പ്രവര്‍ത്തകസമിതിയില്‍ ഇരുത്താന്‍ മാത്രം വിശ്വാസവും വിശാല മനസ്സും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനുണ്ട്. തരൂരിനെ പോലൊരാള്‍ക്ക് കോണ്‍ഗ്രസിന്റെ അത്യുന്നത സമിതിയില്‍ ഇപ്പോഴും ഇരിക്കാമെങ്കില്‍ മറ്റത്തൂരിലെ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗങ്ങള്‍ ബിജെപിയില്‍ പോയതില്‍ എന്തത്ഭുതം?
ഇന്നിപ്പോള്‍ തരൂരിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിങ്ങും മോദിയെ സ്തുതിച്ച് രംഗത്ത് വന്നിരിക്കുന്നു. അതായത് ബിജെപി ബാധ കോണ്‍ഗ്രസില്‍ ഒരു പകര്‍ച്ചവ്യാധിയായി പടരുകയാണ്; ഹൈക്കമാന്‍ഡ് മുതല്‍ പഞ്ചായത്ത് വരെ.


എങ്ങനെ കോണ്‍ഗ്രസുകാര്‍ ബിജെപിയില്‍ പോകാതിരിക്കും? ബിജെപി രീതികള്‍ തന്നെ കോണ്‍ഗ്രസും പകര്‍ത്തുകയല്ലേ? ബാംഗ്ലൂരിലെ ഫക്കീര്‍ കോളനിയിലും വസീം ലേഔട്ടിലും ഇരുട്ടിന്റെ മറവില്‍ ദളിതരും മുസ്ലിങ്ങളും അടക്കം 3000 പേരുടെ വീടുകള്‍ ബുള്‍ഡോസറുകള്‍ കൊണ്ട് ഇടിച്ചു നിരത്തി അവരെ കൊടും ശൈത്യത്തില്‍ തെരുവിലേക്ക് ഇറക്കിയത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. യോഗിയും സിദ്ധരാമയ്യയും ഒന്നാവുകയാണ്. രണ്ടു കൂട്ടരുടെയും ഇരകള്‍ ഒന്നാണ്. ചരിത്രത്തില്‍ ആദ്യത്തെ ബുള്‍ഡോസര്‍ പ്രയോഗം കോണ്‍ഗ്രസാണ് കാണിച്ചുകൊടുത്തത്. അടിയന്തരാവസ്ഥയില്‍ ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തിന്റെ തണലില്‍ സഞ്ജയ് ഗാന്ധിയാണ് ഒരൊറ്റ രാത്രി കൊണ്ട് ഡല്‍ഹി തുര്‍ക്കുമാന്‍ ഗേറ്റില്‍ ചേരികള്‍ ഇടിച്ചുനിരത്തി ആയിരങ്ങളെ തെരുവാധാരമാക്കിയ ക്രൂരത നടപ്പാക്കിയത്. കോണ്‍ഗ്രസിന്റെ ബുള്‍ഡോസര്‍ പിന്നീട് ബിജെപിയുടേതായി. ഇപ്പോള്‍ കോണ്‍ഗ്രസ് തങ്ങളുടെ ബുള്‍ഡോസര്‍ ബിജെപിക്ക് മാത്രമായി വിട്ടുകൊടുക്കില്ല എന്ന് തെളിയിച്ചിരിക്കുന്നു.


പക്ഷേ കോണ്‍ഗ്രസിന്റെ ബുള്‍ഡോസര്‍ ജമാഅത്തെ ഇസ്ലാമിയേയും ലീഗിനെയും അസ്വസ്ഥരാക്കുന്നേയില്ല. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്നതാണ് അവരുടെ മൗനം/ ന്യായീകരണം കാണിക്കുന്നത്. ഇടതുപക്ഷമെങ്ങാനും
ആയിരുന്നെങ്കിലോ? എന്തൊരു കാപട്യമാണിവര്‍ക്ക്? മറ്റത്തൂരിലെ കോണ്‍ഗ്രസ് ബിജെപി ആയതിലും ഇവര്‍ക്ക് പരാതിയില്ല. കുമരകത്ത് ഭൂരിപക്ഷമുള്ള എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ ബിജെപി വോട്ട് വാങ്ങി പ്രസിഡണ്ട് സ്ഥാനം നേടിയതിലും ഇവര്‍ക്ക് പരാതിയില്ല. ഇവരുടെ വിരോധം ബിജെപിയോടല്ല, എല്‍ഡിഎഫിനോടാണ്. കമ്മ്യൂണിസ്റ്റുകാരോടാണ്. കമ്മ്യൂണിസ്റ്റുകാര്‍ക്കും ഇടതുപക്ഷത്തിനും എതിരെ അവര്‍ക്ക് ബിജെപി വിശ്വസ്ത കൂട്ടാളികളാണ്. ഇടതുപക്ഷത്തിനെതിരായ സകല വര്‍ഗീയ- വലതുപക്ഷ ശക്തികളുടെയും എല്ലാം മറന്നുള്ള ഐക്യമാണ് പണിപ്പുരയില്‍ ഒരുങ്ങുന്നത്.