ഉരുള്‍ദുരന്തബാധിര്‍ക്കായുള്ള ഭവനപദ്ധതി; കോണ്‍ഗ്രസ് പ്രഖ്യാപിച്ച നൂറുവീട് ഒന്നാംഘട്ട സ്ഥലമെടുപ്പ് 13ന് പൂര്‍ത്തിയാവും

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച നൂറുവീടുകളുടെ പദ്ധതിയുടെ ഒന്നാംഘട്ട സ്ഥലമെടുപ്പ് ജനുവരി 13-ഓടെ പൂര്‍ത്തീയാക്കുമെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് പറഞ്ഞു.

 

ഒന്നാംഘട്ടമായി ഏറ്റെടുക്കുന്നത് 3.24 ഏക്കര്‍ ഭൂമി

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ദുരന്തബാധിതര്‍ക്കായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച നൂറുവീടുകളുടെ പദ്ധതിയുടെ ഒന്നാംഘട്ട സ്ഥലമെടുപ്പ് ജനുവരി 13-ഓടെ പൂര്‍ത്തീയാക്കുമെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് പറഞ്ഞു. ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാംഘട്ടമായി 3.24 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുക. രജിസ്‌ട്രേഷന്റെ ഭാഗമായുള്ള മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ഭവനപദ്ധതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ സി പി എം ഉന്നയിക്കുന്ന ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനഹരിതമാണ്.

ദുരന്തബാധിതര്‍ക്കായി പാര്‍ട്ടി പ്രഖ്യാപിച്ച നൂറു വീടുകള്‍ നല്‍കും. കര്‍ണാടക സര്‍ക്കാര്‍ നൂറുവീടുകള്‍ക്കായി 20 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്. രാഹുല്‍ഗാന്ധിയാണ് കര്‍ണാടക സര്‍ക്കാര്‍ നൂറുവീടുകള്‍ക്കുള്ള തുക നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഉരുള്‍ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലുള്ളത് കേരളത്തിലെ ജനങ്ങളുടെ പണമാണ്. ആ പണം ഉപയോഗിച്ച് നടത്തുന്ന ഭവനപദ്ധതി ഒരു പാര്‍ട്ടിയുടെ പദ്ധതിയെന്ന നിലയില്‍ പ്രചരിപ്പിക്കുന്നത് തരംതാണ രാഷ്ട്രീയമാണ്. അഡ്വ. ടി സിദ്ധിഖ് എം എല്‍ എ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയില്ലെന്നുള്ള വെല്ലുവിളിയില്‍ ഇപ്പോഴും സി പി എം ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.

ദുരന്തബാധിതരായ 136 കുട്ടികളുടെ വിദ്യാഭ്യാസമാണ് എം എല്‍ എ ഏറ്റെടുത്തതെന്നും ഐസക് ചൂണ്ടിക്കാട്ടി. ഭവനപദ്ധതിക്കായി രണ്ട് സ്ഥലം കൂടി നോക്കിയിട്ടുണ്ട്. അതും കൂടി ലഭ്യമാകുന്നതോടെ പദ്ധതി പൂര്‍ണമായി യാഥാര്‍ഥ്യമാകും. സര്‍ക്കാര്‍ ദുരന്തബാധിതര്‍ക്ക് നല്‍കാമെന്ന് പറഞ്ഞ ആനുകൂല്യങ്ങളൊന്നും നല്‍കിയിട്ടില്ല. കോണ്‍ഗ്രസ് പാര്‍ട്ടി ഫണ്ടുപയോഗിച്ച് നടത്തുന്ന പദ്ധതിയില്‍ സി പി എമ്മിന് ആവലാതി വേണ്ടെന്നും അദ്ദേഹം പറഞ്ഞു. രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കിയാല്‍ യുദ്ധകാലടിസ്ഥാനത്തില്‍ തറക്കല്ലിടല്‍ ഉള്‍പ്പെടെ നടക്കും. മേപ്പാടി ഗ്രാമപഞ്ചായത്തില്‍ തന്നെയാണ് സ്ഥലം കണ്ടെത്തിയിരിക്കുന്നതെന്നും ഐസക് പറഞ്ഞു.

നിയമപരമായി തടസങ്ങളില്ലാത്ത ഭൂമി കണ്ടെത്തുന്നതിന്റെ പ്രയാസമാണുണ്ടായത്. ടൗണ്‍ഷിപ്പിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കുന്ന സമയത്ത് തോട്ടം എന്ന നിലയിലുള്ള നിയമപ്രശ്‌നം സര്‍ക്കാര്‍ പരിഹരിച്ചു. അങ്ങനെയെങ്കില്‍ ദുരന്തബാധിതര്‍ക്കായി നടത്തുന്ന ഭവനപദ്ധതി തോട്ടഭൂമിയിലുമാകാം എന്ന തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. മുസ്‌ലിംലീഗ് ഭവനപദ്ധതി നടപ്പിലാക്കുമ്പോള്‍ എങ്ങനെയത് നടപ്പിലാക്കാതിരിക്കാന്‍ കഴിയുമെന്ന് ചികയുകയും, അതിന് നിയമപരമായ കുരുക്കുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്ത സര്‍ക്കാരും പാര്‍ട്ടിയുമാണ് ഇവിടെയുള്ളത്. തോട്ടഭൂമിയില്‍ വീട് നിര്‍മ്മാണമാവാം എ്ന്ന് സമ്മതിച്ചാല്‍ എത്രയും വേഗം പദ്ധതി യാഥാര്‍ഥ്യമാക്കാമായിരുന്നു. നിലവില്‍ കോണ്‍ഗ്രസ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പോകുന്ന സ്ഥലത്തിന് അത്തരത്തിലുള്ള നിയമപ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.