'വായ്പ കുടിശികയുടെ പേരിലുള്ള ഭീഷണിയെ തുടര്‍ന്നാണ് വീട്ടമ്മയുടെ ആത്മഹത്യ' ; ബാങ്ക് അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കെ.സി.വേണുഗോപാല്‍ എംപി

സിപിഎം നിയന്ത്രണത്തിലുള്ള എസ്എല്‍ പുരം സര്‍വീസ് സഹകരണ  ബാങ്ക് അധികൃതരുടെ വായ്പ കുടിശികയുടെ പേരിലുള്ള ഭീഷണിയെ തുടര്‍ന്നാണ് എസ്എല്‍ പുരം സ്വദേശിയായ വീട്ടമ്മ ആശ ആത്മഹത്യ ചെയ്തതെന്നും അതിന് ഉത്തരവാദിക
 

സിപിഎം നിയന്ത്രണത്തിലുള്ള എസ്എല്‍ പുരം സര്‍വീസ് സഹകരണ  ബാങ്ക് അധികൃതരുടെ വായ്പ കുടിശികയുടെ പേരിലുള്ള ഭീഷണിയെ തുടര്‍ന്നാണ് എസ്എല്‍ പുരം സ്വദേശിയായ വീട്ടമ്മ ആശ ആത്മഹത്യ ചെയ്തതെന്നും അതിന് ഉത്തരവാദികളായ ബാങ്ക് പ്രസിഡന്റും സെക്രട്ടറിയും അടക്കമുള്ളവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടിയെടുക്കണമെന്നും കെ.സി.വേണുഗോപാല്‍ എംപി.

പോലീസതിന് തയ്യാറാകുന്നില്ലെങ്കില്‍ ആ നിര്‍ധന കുടുംബത്തിന് നീതിവാങ്ങി കൊടുക്കാന്‍ ശക്തമായ പ്രക്ഷോഭം കോണ്‍ഗ്രസ് ആരംഭിക്കും. ആശയുടെ വേര്‍പാടില്‍ വേദനിക്കുന്ന കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കി.

ബാങ്കിന്റെ ഭാഗത്തുനിന്നുള്ള കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരമായ നടപടിയാണ് നിര്‍ധനയായ വീട്ടമ്മയുടെ ജീവനെടുത്തത്.കട്ടപ്പനയില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ കണ്ണീരുണങ്ങും മുന്‍പാണ് സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിന്റെ തലതിരിഞ്ഞ നയം കാരണം മറ്റൊരു ജീവന്‍ കൂടി നഷ്ടമായത്.

ഒരു വീടെന്ന സ്വപ്നത്തിന്റെ പേരില്‍ 2010- ലാണ് കൂലിപ്പണിക്കാരനായ ഭര്‍ത്താവ് സുധീറും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ആശയും എസ്എല്‍ പുരം എ64 നമ്പറിലുള്ള സഹകരണ ബാങ്കില്‍ നിന്നും ഒരു ലക്ഷം രൂപ വായ്പയെടുത്തത്. പിന്നീട് വായ്പ രണ്ടര ലക്ഷമായി പുതുക്കിയെടുത്തു. സാമ്പത്തിക പരാധീനതയേറെയുള്ള കുടുംബം കുറേ പണം തിരിച്ചടച്ചെങ്കിലും കുടിശ്ശിക വന്നു. അതിന്റെ പേരിലാണ് സിപിഎം ഭരിക്കുന്ന ബാങ്കിന്റെ ഭാഗത്ത് നിന്നും മനുഷ്യത്വരഹിതമായ നടപടിയുണ്ടായതെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

ബാങ്ക് പ്രസിഡന്റും സെക്രട്ടറിയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ഉള്‍പ്പെടെ പതിനാലോളം പേരാണ് ഭീഷണിപ്പെടുത്താന്‍ മുന്നില്‍ നിന്നത്. നിയമപരമായ മാര്‍ഗമോ, മനുഷ്യത്വത്തിന്റെ പേരില്‍ സാവകാശമോ നല്‍കിയിരുന്നെങ്കില്‍ ആ വീട്ടമ്മയുടെ ജീവന്‍ നഷ്ടമാകില്ലായിരുന്നു. അങ്ങനെയൊരു മാനുഷിക പരിഗണന പോലും നല്‍കാന്‍ സിപിഎം ഭരണസമിതി തയ്യാറായില്ല. സഹകരണ സങ്കല്‍പ്പങ്ങളെ തകര്‍ക്കുന്ന നയമാണ് സിപിഎമ്മിന്റേതെന്നും കെ.സി.വേണുഗോപാല്‍ കുറ്റപ്പെടുത്തി.

കട്ടപ്പനയില്‍ നിക്ഷേപന്റെ ആത്മഹത്യയ്ക്ക് കാരണക്കാരനായ സിപിഎം ജില്ലാ കമ്മിറ്റിയംഗത്തിനെതിരെ ഇതുവരെ പോലീസ് നടപടിയെടുത്തില്ല. ഇരകളുടെ കുടുംബത്തിന്റെ നീതിയേക്കാള്‍ സര്‍ക്കാരും പോലീസും പരിഗണനയും മുന്‍ഗണനയും നല്‍കുന്നത് വേട്ടക്കാരന്റെ അവകാശങ്ങള്‍ക്കാണെന്നത് നിര്‍ഭാഗ്യകരമാണ്. ഇത്തരം തലതിരിഞ്ഞ സഹകരണ നയം കാരണം ഇനിയുമെത്ര ജീവനുകളാണ് നമുക്ക് നഷ്ടമാവുകയെന്നും കെ.സി.വേണുഗോപാല്‍ ചോദിച്ചു.