തൃശ്ശൂരിൽ ഇടിമിന്നലിൽ വീടിന്റെ ഭിത്തി ഇടിഞ്ഞുവീണു ;  ഒരു കുടുംബത്തിലെ മൂന്നുപേർക്ക് പരിക്ക്

തൃശ്ശൂരിൽ  ശക്തമായി തുടരുന്ന വേനൽമഴയ്ക്കിടെയുണ്ടായ ഇടിമിന്നലിൽ വീടിന്റെ ചുവർ ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് പരിക്ക്. ചാവക്കാട് മടത്തല അയനപ്പുള്ളി വീട്ടിൽ മനോജ് (42), ഭാര്യ സ്മൃതി (34), മകൾ ജ്യോതി (7) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം.

 

ചാവക്കാട്:തൃശ്ശൂരിൽ  ശക്തമായി തുടരുന്ന വേനൽമഴയ്ക്കിടെയുണ്ടായ ഇടിമിന്നലിൽ വീടിന്റെ ചുവർ ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് പരിക്ക്. ചാവക്കാട് മടത്തല അയനപ്പുള്ളി വീട്ടിൽ മനോജ് (42), ഭാര്യ സ്മൃതി (34), മകൾ ജ്യോതി (7) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം.

വീട്ടുകാർ ഉറങ്ങിക്കിടക്കുന്ന സമയത്താണ് ശക്തമായ ഇടിമിന്നലിൽ വീടിന്റെ ഭിത്തി തകർന്ന് ഇവരുടെ മേലേക്ക് വീണത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തൃശ്ശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൈകുന്നേരങ്ങളിലും രാത്രിയിലും ശക്തമായ ഇടിമിന്നലോട് കൂടിയ മഴ തുടരുകയാണ്.

കഴിഞ്ഞ ദിവസവും ജില്ലയിൽ ഇടിമിന്നലേറ്റ് അപകടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പാടത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് കുട്ടികൾക്ക് മിന്നലേറ്റ് പരിക്കേറ്റത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. വേനൽമഴയ്ക്കൊപ്പമുള്ള ഇടിമിന്നൽ വലിയ അപകടങ്ങൾക്കും ജീവഹാനിക്കും കാരണമാകുന്നുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

മിന്നൽ സമയത്ത് ടെറസിലോ പാടത്തോ മറ്റ് തുറസ്സായ സ്ഥലങ്ങളിലോ നിൽക്കുന്നത് ഒഴിവാക്കുക. ഗൃഹോപകരണങ്ങളുടെ പ്ലഗ്ഗുകൾ ഊരിയിടുക. ജനാലയ്ക്കും വാതിലിനും അടുത്തുനിൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. ജില്ലയിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിനെത്തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു