പറവൂർ താലൂക്ക് ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ അഴുകിയതായി പരാതി ; പുതിയ ഫ്രീസറുകൾക്കായി 10 ലക്ഷം രൂപ അനുവദിച്ചു
പറവൂർ താലൂക്ക് ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ അഴുകിയതായി പരാതി ഉയർന്നതിനെ തുടർന്ന് പുതിയ ഫ്രീസറുകൾ സ്ഥാപിക്കാൻ നഗരസഭ നടപടി ആരംഭിച്ചു.
പറവൂർ: പറവൂർ താലൂക്ക് ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ അഴുകിയതായി പരാതി ഉയർന്നതിനെ തുടർന്ന് പുതിയ ഫ്രീസറുകൾ സ്ഥാപിക്കാൻ നഗരസഭ നടപടി ആരംഭിച്ചു. നിലവിൽ നാല് മൃതദേഹങ്ങൾ സൂക്ഷിക്കാവുന്ന പ്രധാന ഫ്രീസറും ഒരു മൊബൈൽ ഫ്രീസറുമാണ് ആശുപത്രിയിലുള്ളത്. ഇതിൽ സൂക്ഷിച്ചിരുന്ന രണ്ട് മൃതദേഹങ്ങൾ അഴുകിയെന്നാണ് ബന്ധുക്കൾ പരാതിപ്പെട്ടത്.
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹമാണ് ഫ്രീസറിൽ സൂക്ഷിച്ചതെന്നും, പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയപ്പോഴാണ് മൃതദേഹം അഴുകിയ വിവരം സർജൻ അറിയിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. 15 വർഷത്തിലേറെ പഴക്കമുള്ള ഫ്രീസറുകൾ തകരാറിലാകുന്നതാണ് പ്രശ്നത്തിന് കാരണമെന്നാണ് വിലയിരുത്തൽ. പരാതിയെ തുടർന്ന് ചേർന്ന അടിയന്തര എച്ച്.എം.സി യോഗം പുതിയ ഫ്രീസറുകൾ വാങ്ങുന്നതിനായി 10 ലക്ഷം രൂപ അനുവദിച്ചതായി നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ജോബി പഞ്ഞിക്കാരൻ അറിയിച്ചു.
അതേസമയം, മോർച്ചറി ഫ്രീസറിന്റെ തകരാറുമൂലമാണ് മൃതദേഹം അഴുകിയതെന്ന വാദം ആശുപത്രി അധികൃതർ തള്ളി. മൂന്ന് ദിവസത്തോളം പഴക്കമുള്ള നിലയിലാണ് മൃതദേഹം ആശുപത്രിയിലെത്തിച്ചതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.