ശുചിമുറിയില്‍ രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതരുടെ വാദം പൊളിയുന്നു
തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിസിന് വാര്‍ഡിനോട് ചേര്‍ന്നുള്ള ശുചിമുറിയില്‍ ചികിത്സയിലിരുന്ന രോഗി മരിച്ച സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ ആശുപത്രി അധികൃതരുടെ വാദം പൊളിയുന്നു. റിപ്പോര്‍ട്ടില്‍ മരണം നടന്നത് പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിന് 36 മുതല്‍ 72 മണിക്കൂര്‍ വരെ ഉള്ള സമയത്തിനിടയിലാണെന്ന് കണ്ടെത്തി.
മൃതദേഹം കണ്ടെത്തിയതിന്റെ തലേദിവസവും ക്ലീനിങ് സ്റ്റാഫ് ശുചിമുറിയില്‍ എത്തിയിരുന്നു എന്നാണ് മെഡിക്കല്‍ കോളേജിന്റെ വാദം. 36 മണിക്കൂറിനു മുകളില്‍ ശുചിമുറിയില്‍ മൃതദേഹം ഉണ്ടായിരുന്നു എന്നാണ് പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ വ്യക്തമാകുന്നത്.
ഈ മാസം 16ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാക്കുട്ടി റാവുത്തര്‍ (77) ആണ് മരിച്ചത്. ശനിയാഴ്ച നടത്തിയ തെരച്ചിലിലാണ് ഇയാളെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച മുതലാണ് മാക്കുട്ടി റാവുത്തറെ വാര്‍ഡില്‍ നിന്ന് കാണാതായത്. രോഗിയെ കാണാനില്ലെന്ന് വ്യക്തമായതോടെ മെഡിക്കല്‍ കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് മെഡിസിന് വാര്‍ഡിലെ ശുചിമുറിയില്‍ മൃതദേഹം കണ്ടെത്തിയത്.
അജ്ഞാത രോഗിയായാണ് ഇയാളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നത്. മരിച്ചയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നും ഇയാള്‍ക്ക് കൂട്ടിരിപ്പുകാര്‍ (ബൈസ്റ്റാന്‍ഡര്‍) ഉണ്ടായിരുന്നില്ലെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു. അതേസമയം, മൃതദേഹം കണ്ടെത്തുന്നതിന് തലേദിവസവും പ്രസ്തുത ശുചിമുറി വൃത്തിയാക്കിയിരുന്നു എന്നാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ വിശദീകരണം.
ഒന്നര ദിവസത്തോളം ശുചിമുറി വൃത്തിയാക്കിയില്ലേ എന്നാണ് ചോദ്യം ഉയര്‍ന്നിട്ടുള്ളത്. 20ന് ശുചിമുറി വൃത്തിയാക്കി എന്ന ന്യായീകരണമാണ് സൂപ്രണ്ട് ഡോ. ലിജോ പറഞ്ഞിരുന്നത്. എല്ലാ ദിവസവും ശുചിമുറി വൃത്തിയാക്കുന്നുണ്ടെന്നും ഡോക്ടര്‍ വിശദീകരിച്ചിരുന്നു.
സിസിടിവികള്‍ പരിശോധിച്ച് രോഗി എങ്ങോട്ട് പോയെന്ന് കണ്ടെത്താന്‍ ശ്രമിച്ചു. 19ന് രോഗിയെ കാണാതായി 21ന് രോഗിയെ മരിച്ച നിലയില്‍ കണ്ടെത്തുന്ന വരെ ശുചിമുറി വൃത്തിയാക്കിയില്ലേ എന്ന് ജീവനക്കാരോട് ചോദിച്ചിരുന്നു. എന്നാല്‍, വൃത്തിയാക്കി എന്നാണ് മറുപടി ലഭിച്ചതെന്നാണ് സൂപ്രണ്ട് പറഞ്ഞിരുന്നത്.