രാഹുൽ കീഴടങ്ങിയെക്കുമെന്നുള്ള അഭ്യൂഹത്തിന് വിരാമം ; ഹോസ്ദുര്‍ഗ് കോടതി ജഡ്ജി മടങ്ങി, പോലീസ് സന്നാഹവും മടങ്ങി
കാസര്‍കോട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎ കാസര്‍കോട് ഹോസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങിയേക്കുമെന്നുള്ള അഭ്യൂഹമുണ്ടായിരുന്നെങ്കിലും രാത്രി ഏഴരയോടെ മജിസ്ട്രേറ്റ് മടങ്ങി. കോടതി പരിസരത്ത് സജ്ജമായിരുന്ന പോലീസ് സന്നാഹവും മടങ്ങിയതോടെ രാഹുല്‍ കീഴടങ്ങിയെക്കുമെന്നുള്ള അഭ്യൂഹത്തിന് വിരാമമായി. രാഹുല്‍ പ്രത്യേക അന്വേഷണസംഘത്തിന്‍റെ പിടിയിലായി എന്ന വിവരവും വന്നിരുന്നു.
രാഹുല്‍ എത്തിയേക്കുമെന്നുള്ള വിവരത്തെ തുടര്‍ന്ന് ഹോസ്ദുര്‍ഗ് കോടതി പരിസരത്ത് പോലീസ് സന്നാഹം വര്‍ധിപ്പിച്ചിരുന്നു. കോടതിസമയം അവസാനിച്ചിട്ടും ജഡ്ജി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കോടതിയില്‍ തുടരുകയും ചെയ്തു. ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് രാഹുല്‍ കീഴടങ്ങിയേക്കുമെന്നുള്ള അഭ്യൂഹം പരന്നതിനെ തുടര്‍ന്ന് നേരത്തെ തന്നെ കാസര്‍കോട് കോടതികളില്‍ പോലീസ് ഒരുക്കിയിരുന്നു. ഉച്ചയോടെ മാധ്യമപ്രവര്‍ത്തകര്‍ കോടതി പരിസരത്ത് എത്തിച്ചേരുകയും ചെയ്തു. എന്നാല്‍, പോലീസിന്റെ ഭാഗത്തുനിന്നോ മറ്റ് അധികൃതരുടെ ഭാഗത്തുനിന്നോ സ്ഥിരീകരണം ലഭിച്ചിരുന്നില്ല.
രാഹുല്‍ ഒളിവില്‍ കഴിയുന്നതായി കരുതപ്പെടുന്ന കര്‍ണാടകയോട് ഏറ്റവും സമീപത്തുള്ള ജില്ലയാണ് കാസര്‍കോട്. കാസര്‍കോടിന്റെ മലയോരമേഖല കോണ്‍ഗ്രസിന് സ്വാധീനമുള്ള സ്ഥമനാണ്. കൂടാതെ രാഹുലിന്റെ സുഹൃത്തുക്കള്‍ പാണത്തൂര്‍ മേഖലയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലുണ്ട്. സുള്ളിയില്‍നിന്ന് പാണത്തൂര്‍ വഴി രാഹുല്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ ഉദ്യോഗസ്ഥര്‍ വിലയിരുത്തിയിരുന്നു. പൊതുജനങ്ങള്‍ക്കൊപ്പം യുവമോര്‍ച്ചയും ഡിവൈഎഫ്‌ഐയും കോടതി പരിസരത്ത് പ്രതിഷേധവുമായി എത്തിയിരുന്നു