കോളേജ് ജീവനക്കാരനെ ഹണിട്രാപ്പിലാക്കി പണം കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ

കോളേജ് ജീവനക്കാരനെ കാസര്‍കോട്ടേക്ക് വിളിച്ചു വരുത്തി ലോഡ്ജിലെത്തിച്ച് നഗ്നവീഡിയോ

 

കാഞ്ഞങ്ങാട്:കോളേജ് ജീവനക്കാരനെ കാസര്‍കോട്ടേക്ക് വിളിച്ചു വരുത്തി ലോഡ്ജിലെത്തിച്ച് നഗ്നവീഡിയോയെടുത്തു ഹണി ട്രാപ്പ് നടത്തി പണം തട്ടിയെന്ന കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. ചെങ്കള, പാണലത്തെ മുഹമ്മദ് റാഷിദ് (21), നാലാംമൈലിലെ മുഹമ്മദ് അസ്‌കര്‍ (21), ഇന്ദിരാനഗറിലെ മുഹമ്മദ് അഷ്ഫാദ്(21) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്.

തളിപ്പറമ്പിലെ ഒരു എയ്ഡഡ് കോളേജിലെ ലാബ് അസിസ്റ്റന്റ് ബ്ലാത്തൂര്‍, കുന്നുപുറം ഹൗസിലെ അബ്ദുല്‍ ജബ്ബാര്‍ (26) നല്‍കിയ പരാതിയിലാണ് കേസെടുത്ത് പ്രതികളെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസമാണ് അറസ്റ്റിനാസ്പദമായ സംഭവം. പ്രതിയെ ഫോണ്‍ ചെയ്ത് കാസര്‍കോട് റെയില്‍വെസ്‌റ്റേഷന്‍ പരിസരത്തേക്ക് വിളിച്ചു വരുത്തുകയും പീന്നീട് കാറില്‍ കയറ്റി ഒരു ലോഡ്ജില്‍ എത്തിക്കുകയും ചെയ്തു. തുടര്‍ന്നു ഭീഷണിപ്പെടുത്തുകയും നഗ്നനാക്കുകയും ചെയ്ത ശേഷം വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു. 

വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം 13,600 രൂപ ഫോണ്‍ പേ വഴി കൈക്കലാക്കുകയായിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കി. സംഘം കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെയാണ് പൊലീസില്‍ പരാതി നല്‍കിയതെന്നു കൂട്ടിച്ചേര്‍ത്തു.