ആര്‍ സുഗതന്റെ കാപ്പാ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കിയതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ കാപ്പാ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കിയതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ആരുമായും ഒത്തുകളിച്ചിട്ടില്ല. കോടതി ഉത്തരവ് പരിശോധിച്ച് ആവശ്യമായ തുടര്‍ നടപടി സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

 

തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ കാപ്പാ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കിയതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ആരുമായും ഒത്തുകളിച്ചിട്ടില്ല. കോടതി ഉത്തരവ് പരിശോധിച്ച് ആവശ്യമായ തുടര്‍ നടപടി സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കാപ്പാ കേസ് റദ്ദാക്കിയത് യുഡിഎഫും ബിജെപിയുമായുള്ള ഒത്തുകളിയാണെന്ന സിപിഎം ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'സുഗതനെതിരെ എല്ലാ നടപടികളും യുഡിഎഫ് സര്‍ക്കാരാണ് സ്വീകരിച്ചത്. കാപ്പാ ചുമത്തിയതും ഈ സര്‍ക്കാരാണ്. കോടതി ഉത്തരവില്‍ എന്താണ് പറയുന്നതെന്ന് വായിക്കാതെ പറയാന്‍ പറ്റില്ല. ഏതായാലും ഒത്തുകളിയുടെ കാര്യമൊന്നുമില്ല. അതിന്റെ ആവശ്യം ഞങ്ങള്‍ക്കാര്‍ക്കും ഇല്ല. കുറേക്കാലമായി ഒത്തുകളിച്ചവരാണ് ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്നത് എന്നതു മനസ്സിലാക്കണം.'

'ഇപ്പോള്‍ എന്തു പറഞ്ഞാലും ഒറ്റ വാചകം പറയും. ബിജെപിയുമായി ഒത്തുകളിയെന്ന്. എന്തു ഒത്തുകളിയാണ്?. കുറേ നാളായല്ലോ ഇതു തുടങ്ങിയിട്ട്. കഴിഞ്ഞ പത്തുകൊല്ലം കേരളം ഭരിച്ചപ്പോള്‍ ബിജെപിയുമായി നന്നായി ഒത്തുകളിച്ച ആളുകള്‍ ആ പാപം കഴുകിക്കളയാന്‍ വേണ്ടി ഞങ്ങളെ പിടിക്കേണ്ട. ഞങ്ങള്‍ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. സൈക്കിള്‍ മുട്ടി പട്ടി ചത്താലും പറയും ബിജെപിയും കോണ്‍ഗ്രസുമായിട്ട് ഒത്തുകളിയാണെന്ന്. ഈ ഏര്‍പ്പാടങ്ങ് നിര്‍ത്തണം'. രമേശ് ചെന്നിത്തല പറഞ്ഞു.