സംസ്ഥാനത്ത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂട് പാലക്കാട്;  ജാഗ്രതാ നിർദേശം   

സംസ്ഥാനത്ത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂട് പാലക്കാട് രേഖപ്പെടുത്തി. വെള്ളിയാഴ്ച 40 ഡിഗ്രി സെൽഷ്യസ് ചൂടാണ് പാലക്കാട് രേഖപ്പെടുത്തിയത്. 2019നു ശേഷം കേരളത്തിൽ ഇതാദ്യമായാണ് മാര്‍ച്ച് മാസത്തില്‍ 40 ഡിഗ്രി ചൂട് രേഖപ്പെടുത്തിയത്.
 

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂട് പാലക്കാട് രേഖപ്പെടുത്തി. വെള്ളിയാഴ്ച 40 ഡിഗ്രി സെൽഷ്യസ് ചൂടാണ് പാലക്കാട് രേഖപ്പെടുത്തിയത്. 2019നു ശേഷം കേരളത്തിൽ ഇതാദ്യമായാണ് മാര്‍ച്ച് മാസത്തില്‍ 40 ഡിഗ്രി ചൂട് രേഖപ്പെടുത്തിയത്.

ഇന്നും നാളെയും ചൂട് കൂടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേ​ന്ദ്രം അറിയിച്ചു. ഒമ്പത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യല്ലോ അലര്‍ട്ട് നല്‍കിയത്.

കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും, പത്തനംതിട്ട ജില്ലയിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയും ആലപ്പുഴ,കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. സാധാരണയേക്കാൾ രണ്ടുമുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണിത്.

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രതാ നിർദേശങ്ങൾ പാലിക്കേണ്ടതാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.