സർക്കാർ കോളേജ് ഹോസ്റ്റലുകളിലെ അനധികൃത താമസം അവസാനിപ്പിക്കാൻ ഉന്നത വിദ്യാഭ്യാസവകുപ്പ്

സർക്കാർ കോളേജ് ഹോസ്റ്റലുകളിലെ അനധികൃത താമസം അവസാനിപ്പിക്കാൻ ഉന്നത വിദ്യാഭ്യാസവകുപ്പ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

 

ഹോസ്റ്റലുകളിലെ വാർഡൻ, ട്യൂട്ടർ നിയമനം, മധ്യവേനലവധിക്കാലത്തെ പ്രവർത്തനം, അനധികൃത താമസക്കാരെ ഒഴിവാക്കൽ എന്നിവ സംബന്ധിച്ചാണ് കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുതിയ സർക്കുലർ ഇറക്കിയത്.

തിരുവനന്തപുരം: സർക്കാർ കോളേജ് ഹോസ്റ്റലുകളിലെ അനധികൃത താമസം അവസാനിപ്പിക്കാൻ ഉന്നത വിദ്യാഭ്യാസവകുപ്പ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഹോസ്റ്റലുകളിലെ വാർഡൻ, ട്യൂട്ടർ നിയമനം, മധ്യവേനലവധിക്കാലത്തെ പ്രവർത്തനം, അനധികൃത താമസക്കാരെ ഒഴിവാക്കൽ എന്നിവ സംബന്ധിച്ചാണ് കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുതിയ സർക്കുലർ ഇറക്കിയത്.

ഹോസ്റ്റലുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഡ്രായിങ് ആൻഡ് ഡിസ്ബർസിങ് അധികാരമുള്ള അധ്യാപകരെയാണ് പ്രിൻസിപ്പൽമാർ വാർഡനായി നിയമിക്കേണ്ടത്.

ഒപ്പം താമസിക്കുന്ന വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുന്നതിനായി ഓരോ അക്കാദമിക വർഷവും ട്യൂട്ടർമാരെയും നിയമിക്കണം. അധ്യാപകരുടെ സമ്മതം രേഖാമൂലം വാങ്ങിയ ശേഷം കോളേജ് കൗൺസിൽ യോഗം ചേർന്ന് എടുക്കുന്ന തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കണം വാർഡൻ നിയമനം നടത്തേണ്ടത്. വനിതാ ഹോസ്റ്റലുകളിൽ പുരുഷ അധ്യാപകരെ വാർഡനായി നിയമിക്കുന്നതിന് മുൻപായി കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിൽ നിന്ന് മുൻകൂർ അനുമതി നേടിയിരിക്കണം.

വാർഡൻ, ട്യൂട്ടർ നിയമന ഉത്തരവുകളിൽ കൗൺസിൽ തീരുമാനം കൃത്യമായി പരാമർശിക്കണമെന്നും, ഓരോ നിയമനവും ജൂൺ 1 മുതൽ മാർച്ച് 31 വരെയുള്ള ഒരു അധ്യയന വർഷത്തേക്ക് മാത്രമായിരിക്കും നിജപ്പെടുത്തുകയെന്നും വ്യക്തമാക്കുന്നു.

ഈ നിയമനങ്ങൾക്കെല്ലാം കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ സാധൂകരണ ഉത്തരവ് യഥാസമയം വാങ്ങിയിരിക്കേണ്ടതുമാണ്. സർവ്വകലാശാലകൾ മധ്യവേനലവധി (ഏപ്രിൽ-മേയ് മാസങ്ങളിൽ) പ്രഖ്യാപിക്കുമ്പോൾ കോളേജുകൾക്കൊപ്പം ഹോസ്റ്റലുകൾക്കും അവധിയായിരിക്കും.

എന്നാൽ സർവ്വകലാശാല പരീക്ഷകളോ സെമസ്റ്റർ ക്ലാസുകളോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉള്ളപക്ഷം, പരീക്ഷാ ടൈംടേബിളോ ക്ലാസ് ഷെഡ്യൂളോ ലഭ്യമാക്കി ഡയറക്ടറുടെ മുൻകൂർ അനുമതി വാങ്ങിയ ശേഷം മാത്രമേ മാർച്ച് 31-ന് ശേഷവും ഹോസ്റ്റലുകൾ പ്രവർത്തിക്കാൻ പാടുള്ളൂ.