തനിക്കെതിരായ ഹൈക്കോടതി പരാമര്‍ശനത്തിന് മറുപടിയുമായി പ്രിയ വര്‍ഗ്ഗീസ്
 

 


കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ അസിസ്റ്റന്റ പ്രൊഫസര്‍ നിയമനത്തില്‍ തനിക്കെതിരായ ഹൈക്കോടതി പരാമര്‍ശനത്തിന് മറുപടിയുമായി പ്രിയ വര്‍ഗ്ഗീസ്. നാഷണല്‍ സര്‍വീസ് സ്‌കീമിനു വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രമാണെന്ന് പ്രിയ വര്‍ഗ്ഗീസ് ഫേസ്ബുക്കില്‍ കുറിച്ചു. 


എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ ആയി കുഴിവെട്ടാന്‍ പോയതിനെ അധ്യാപന പരിചയമായി കണക്കാക്കാന്‍ കഴിയില്ലെന്ന് സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശത്തിനാണ് പ്രിയ അതേ നാണയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

യുജിസി ചട്ടപ്രകാരം മാത്രമേ പ്രിയ വര്‍ഗീസിന്റെ  നിയമനവുമായി മുന്നോട്ട് പോകാന്‍ കഴിയുകയുള്ളുവെന്ന് കണ്ണൂര്‍ സര്‍വ്വകലാശാലയോട് ഹൈക്കോടതി ഇന്ന് വ്യക്തമാക്കിയിരുന്നു. പ്രിയ വര്‍ഗീസിനെ അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമിക്കാനുള്ള കണ്ണൂര്‍ സര്‍വ്വകലാശാല നീക്കം ചോദ്യം ചെയ്ത് പ്രൊഫസര്‍ ജോസഫ് സ്‌കറിയ നല്‍കിയ ഹര്‍ജിയിലാണ്  നിയമന നടപടിയെ  ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചത്.

എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ ആകുന്നതും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസി. ഡയറക്ടര്‍ ആകുന്നതും അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. നാഷണല്‍ സര്‍വ്വീസ് സ്‌കീമില്‍ എവിടെയാണ് അധ്യാപന ജോലിയുള്ളതെന്നും കോടതി ചോദിച്ചു. 


നിയമന നടപടികള്‍ യുജിസി ചട്ടപ്രകാരം മാത്രമേ പാടുള്ളുവെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസര്‍ നിയമനം നല്‍കാന്‍ മതിയായ യോഗ്യതയില്ലെന്ന് യുജിസിയും ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു.