ജയിൽ മേധാവി എസ്. ശ്രീജിത്തിന് ഡിജിപി ആയി സ്ഥാനക്കയറ്റം നൽകിയ സർക്കാരിന്റെ നടപടി ചട്ടവിരുദ്ധം, വിജിലൻസ് ക്ലിയറൻസ് പാലിച്ചില്ല : കടുത്ത വിമർശനവുമായി ഹൈക്കോടതി
കൊച്ചി: ജയിൽ മേധാവി എസ്. ശ്രീജിത്തിന് ഡിജിപി ആയി സ്ഥാനക്കയറ്റം നൽകിയ സർക്കാരിന്റെ നടപടിയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. ആരോപണവിധേയനായ വ്യക്തിക്ക് സ്ഥാനക്കയറ്റം നൽകാൻ എന്താണ് ഇത്ര തിടുക്കമെന്ന് ചോദിച്ച കോടതി, ഹർജി പരിഗണനയിലിരിക്കെ എടുത്ത ഈ തീരുമാനം ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കി. എ.ഡി.ജി.പിയെ ഡിജിപിയായി ഉയർത്തുമ്പോൾ നിർബന്ധമായും ഉണ്ടായിരിക്കേണ്ട വിജിലൻസ് ക്ലിയറൻസ് ഈ നിയമനത്തിൽ പാലിക്കപ്പെട്ടിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഈ നടപടിയിൽ ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. എഡിജിപി സ്ഥാനത്തിരിക്കെ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണങ്ങളും വിവാദങ്ങളും നിലനിൽക്കെയാണ് ആഭ്യന്തര വകുപ്പ് എസ്. ശ്രീജിത്തിന് ഡിജിപി പദവിയിലേക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവിറക്കിയത്. എഡിജിപി പദവിയിലുള്ള എം.ആർ. അജിത് കുമാർ സസ്‌പെൻഷനിലായതാണ് ശ്രീജിത്തിന് വഴിത്തിരിവായത്. നവകേരള സദസ്സിനിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ നടത്തിയ ആക്രമണക്കേസ് അട്ടിമറിക്കാൻ നീക്കം നടത്തിയതുമായി ബന്ധപ്പെട്ടാണ് അജിത് കുമാർ സസ്‌പെൻഷനിലായത്. ഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചെങ്കിലും എസ്. ശ്രീജിത്ത് ജയിൽ മേധാവിയായി തന്നെ ചുമതലയിൽ തുടരും.