നടൻ നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കി ഹൈക്കോടതി

പ്രമുഖ ചലച്ചിത്ര താരം നിവിൻ പോളി, സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് കേരള ഹൈക്കോടതി റദ്ദാക്കി. 1.9 കോടി രൂപയുടെ തട്ടിപ്പ് ആരോപിച്ചു നിർമാതാവ് പി.എസ്. ഷംനാസ് നൽകിയ പരാതിയിൽ തലയോലപ്പറമ്പ് പൊലീസാണ് ഇവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിനൊപ്പം, നിവിൻ പോളിയുടെ ഒപ്പ് വ്യാജമായി നിർമ്മിച്ചുവെന്നാരോപിച്ച് ഷംനാസിനെതിരെ പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികളും കോടതി റദ്ദാക്കിയിട്ടുണ്ട്.

 

കൊച്ചി: പ്രമുഖ ചലച്ചിത്ര താരം നിവിൻ പോളി, സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് കേരള ഹൈക്കോടതി റദ്ദാക്കി. 1.9 കോടി രൂപയുടെ തട്ടിപ്പ് ആരോപിച്ചു നിർമാതാവ് പി.എസ്. ഷംനാസ് നൽകിയ പരാതിയിൽ തലയോലപ്പറമ്പ് പൊലീസാണ് ഇവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിനൊപ്പം, നിവിൻ പോളിയുടെ ഒപ്പ് വ്യാജമായി നിർമ്മിച്ചുവെന്നാരോപിച്ച് ഷംനാസിനെതിരെ പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികളും കോടതി റദ്ദാക്കിയിട്ടുണ്ട്.

ഇരുവിഭാഗവും തമ്മിലുള്ള തർക്കങ്ങൾ സൗഹാർദ്ദപരമായി ഒത്തുതീർപ്പിലെത്തിയതിനാലും, പരസ്പരം മറ്റ് പരാതികളോ തർക്കങ്ങളോ ഇല്ലാത്തതിനാലും കേസുകളുമായി മുന്നോട്ടുപോകുന്നതിൽ അർത്ഥമില്ലെന്ന് ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടി. കേസിലെ വസ്തുതകളും രേഖകളും പരിശോധിച്ചതിൽ നിന്ന് പ്രശ്നങ്ങൾ പരിഹരിച്ചതായി ബോധ്യപ്പെട്ടെന്ന് കോടതി വ്യക്തമാക്കി. പ്രതികൾക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങൾ സമൂഹത്തെ മൊത്തത്തിൽ ബാധിക്കുന്ന ഗുരുതര സ്വഭാവമുള്ളതല്ലെന്നും, കേസ് തുടർന്നാൽ ശിക്ഷിക്കപ്പെടാനുള്ള സാധ്യത വിരളമാണെന്നിരിക്കെ വിചാരണ നടപടികൾ കോടതിയുടെ സമയം പാഴാക്കലാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

'ഇന്ത്യൻ മൂവി മേക്കേഴ്സ്' ഉടമയായ പി.എസ്. ഷംനാസിന്റെ പരാതിപ്രകാരമാണ് നിവിൻ പോളിക്കുമെതിരെ കേസെടുത്തിരുന്നത്. 'മഹാവീര്യർ' എന്ന ചിത്രത്തിന്റെ പരാജയത്തെ തുടർന്ന് 'ആക്ഷൻ ഹീറോ ബിജു 2' എന്ന ചിത്രത്തിൽ സഹനിർമ്മാതാവ് പദവിയും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്നായിരുന്നു പരാതി. പിന്നീട് ടൈറ്റിൽ കൈമാറ്റം രഹസ്യമാക്കി വെച്ച് വിദേശ വിതരണാവകാശങ്ങൾ അഞ്ച് കോടി രൂപയ്ക്ക് വിറ്റ് സാമ്പത്തിക നഷ്ടം വരുത്തിവെച്ചുവെന്നും ഷംനാസ് ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ, ഫിലിം ചേംബർ ഓഫ് കൊമേഴ്സിൽ സമർപ്പിച്ച രേഖകളിൽ തന്റെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയെന്ന് കാണിച്ച് നിവിൻ പോളി നൽകിയ പരാതിയിൽ ഷംനാസിനെതിരെയും പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നു. ഇരുപക്ഷവും ഒത്തുതീർപ്പിലെത്തിയ വിവരം പബ്ലിക് പ്രോസിക്യൂട്ടറും കോടതിയിൽ സ്ഥിരീകരിച്ചതോടെ, മൂവർക്കുമെതിരെയുള്ള ക്രിമിനൽ നടപടികൾ പൂർണ്ണമായി റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.