'മൊണാലിസ ഭോസ്ലെയെ മധ്യപ്രദേശ് പൊലീസിന് കൈമാറണമെന്ന് ഉത്തരവിറക്കാൻ പട്ടികജാതി കമ്മീഷന് എന്താണ് അധികാരം' :  വിമർശനവുമായി ഹൈക്കോടതി

കുംഭമേള വൈറൽ താരം മൊണാലിസ ഭോസ്ലെയെ മധ്യപ്രദേശ് പൊലീസിന് കൈമാറണമെന്ന ദേശീയ പട്ടികജാതി കമ്മീഷന്റെ ഉത്തരവിനെ വിമർശിച്ച് ഹൈക്കോടതി. മൊണാലിസയെ മധ്യപ്രദേശ് പൊലീസിന് കൈമാറണം എന്ന് ഉത്തരവിറക്കാൻ പട്ടികജാതി കമ്മീഷന് എന്താണ് അധികാരമെന്ന് ഹൈക്കോടതി ചോദിച്ചു.

 

 കൊച്ചി: കുംഭമേള വൈറൽ താരം മൊണാലിസ ഭോസ്ലെയെ മധ്യപ്രദേശ് പൊലീസിന് കൈമാറണമെന്ന ദേശീയ പട്ടികജാതി കമ്മീഷന്റെ ഉത്തരവിനെ വിമർശിച്ച് ഹൈക്കോടതി. മൊണാലിസയെ മധ്യപ്രദേശ് പൊലീസിന് കൈമാറണം എന്ന് ഉത്തരവിറക്കാൻ പട്ടികജാതി കമ്മീഷന് എന്താണ് അധികാരമെന്ന് ഹൈക്കോടതി ചോദിച്ചു. കമ്മീഷന്റെ ഉത്തരവ് മൊണാലിസയുടെ ജീവിക്കാനുളള അവകാശത്തെ പ്രഥമദൃഷ്ട്യാ ബാധിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ഉത്തരവിറക്കാൻ ദേശീയ പട്ടികജാതി കമ്മീഷൻ കോടതിയോ ട്രൈബ്യൂണലോ അല്ലെന്നും കോടതി പറഞ്ഞു.

'ദേശീയ പട്ടികജാതി കമ്മീഷന്റെ അധികാര പരിധിയിൽ സംശയമുണ്ട്. ഉത്തരവിറക്കാൻ ദേശീയ കമ്മീഷന് പ്രഥമദൃഷ്ട്യാ അധികാരമില്ല. ശുപാർശകൾ നൽകാൻ മാത്രമാണ് പ്രാഥമികമായി കമ്മീഷന് അധികാരം. ഉത്തരവിറക്കാൻ കോടതിയോ ട്രൈബ്യൂണലോ അല്ല': ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലാണ് പട്ടികജാതി കമ്മീഷനെതിരായ വിമർശനം. അനുമതിയില്ലാതെ മൊണാലിസയെ കൈമാറുന്നത് കേരളാ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്.

മൊണാലിസ ഭോസ്‌ലെയ്ക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഉത്തരവിട്ടിരുന്നു. മൊണാലിസയുടെ ഹർജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. പാലാരിവട്ടം പൊലീസിനാണ് ഹൈക്കോടതിയുടെ നിർദ്ദേശം. പാലാരിവട്ടം പൊലീസിനെ ഹർജിയിൽ ഹൈക്കോടതി സ്വമേധയാ കക്ഷി ചേർത്തു. മൊണാലിസയ്ക്കുണ്ടായിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി നേരത്തെ പിൻവലിച്ചിരുന്നു. മൊണാലിസയുടെ സംരക്ഷണത്തിന് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ നിയോഗിച്ചിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മൊണാലിസ ഭോസ്‌ലെ നൽകിയ ഹർജി ഹൈക്കോടതി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. 

മഹാകുംഭമേളയിൽ രുദ്രാക്ഷമാലകൾ വിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് മൊണാലിസ ഭോസ്‌ലെ ദേശീയ ശ്രദ്ധ നേടിയത്. പിന്നീട് സിനിമാ താരമായി മാറിയ മൊണാലിസ ഭോസ്‌ലെ ഫർമാൻ ഖാനുമായി പ്രണയത്തിലാവുകയായിരുന്നു. ഒരു സിനിമാ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ സമയത്ത് 2026 മാർച്ചിലാണ് ഇരുവരും വിവാഹിതരായത്. പിന്നാലെയാണ് വിവാഹത്തിനെതിരായ തടസ്സ വാദങ്ങൾ ഉന്നയിച്ച് കുടുംബമടക്കം രംഗത്തെത്തിയത്. മൊണാലിസയുടെ പിതാവ് നൽകിയ പരാതിയിൽ മുഹമ്മദ് ഫർമാനെ മധ്യപ്രദേശ് പൊലീസ് നേരത്തെ പ്രതി ചേർത്തിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫർഹാൻ തട്ടിക്കൊണ്ടുപോയി എന്ന പരാതിയിലാണ് കേസെടുത്തത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നാണ് കുടുംബം അവകാശപ്പെട്ടിരുന്നത്. പെൺകുട്ടിയുടെ ഭർത്താവ് ഫർമാൻ ഖാന്റെ മുൻകൂർ ജാമ്യാപേക്ഷയെ നേരത്തെ മധ്യപ്രദേശ് ഹൈക്കോടതി എതിർത്തിരുന്നു. പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് നേടാൻ രേഖകൾ തിരുത്തിയെന്നായിരുന്നു മധ്യപ്രദേശ് പൊലീസിന്റെ വാദം.