കുട്ടികളെന്ന കാരണത്താൽ മാത്രം നിയമം ഇളവ് അനുവദിക്കുന്നില്ല, മനസ്സിന് ആഘാതമുണ്ടാക്കുംവിധം പരുക്കൻ ചോദ്യം ചെയ്യലിനെയാണ് നിയമം എതിർക്കുന്നത് ; ഹൈകോടതി
കുറ്റകൃത്യത്തിൽ ഉൾപ്പെട്ടുവെന്ന് കരുതുന്ന പ്രായപൂർത്തിയാകാത്തവർക്കെതിരായ അന്വേഷണത്തിനോ നടപടിക്രമങ്ങൾക്കോ അവർ കുട്ടികളാണെന്ന കാരണത്താൽ മാത്രം നിയമം ഇളവ് അനുവദിക്കുന്നില്ലെന്ന് ഹൈകോടതി.
കൊച്ചി: കുറ്റകൃത്യത്തിൽ ഉൾപ്പെട്ടുവെന്ന് കരുതുന്ന പ്രായപൂർത്തിയാകാത്തവർക്കെതിരായ അന്വേഷണത്തിനോ നടപടിക്രമങ്ങൾക്കോ അവർ കുട്ടികളാണെന്ന കാരണത്താൽ മാത്രം നിയമം ഇളവ് അനുവദിക്കുന്നില്ലെന്ന് ഹൈകോടതി. കുട്ടികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിനെയല്ല, കുട്ടികളുടെ മനസ്സിന് ആഘാതമുണ്ടാക്കുന്ന വിധം പരുക്കൻ രീതിയിലുള്ള ചോദ്യം ചെയ്യലിനെയാണ് നിയമം എതിർക്കുന്നതെന്നും ജസ്റ്റിസ് ജി. ഗിരീഷ് വ്യക്തമാക്കി.
ആലപ്പുഴ കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ കേസിലെ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പ്രതികളെയും വിശദ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും പൊലീസ് കസ്റ്റഡിയില്‍ വിട്ടുനൽകാനുള്ള ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഉത്തരവ് ചോദ്യം ചെയ്യുന്ന റിവിഷൻ ഹരജി തള്ളിയാണ് ഉത്തരവ്. കൗമാരക്കാരായ പ്രതികളുടെ സ്വകാര്യത സംരക്ഷിക്കണമെന്നതടക്കം കര്‍ശന ഉപാധികളോടെയാണെങ്കിലും ബോർഡിന്‍റെ നടപടി ബാലനീതി നിയമത്തിന്‍റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മൂന്നു പ്രതികളും നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
പൊലീസ് സ്റ്റേഷനിലാണെങ്കിൽ പോലും തങ്ങൾ കസ്റ്റഡിയിൽ ചോദ്യം ചെയ്യലിന് വിധേയരാകുന്നുവെന്ന തോന്നൽ കുട്ടികൾക്കുണ്ടാകാത്ത വിധമുള്ള ‘ചൈൽഡ് ഫ്രണ്ട്‍ലി കോർണറിൽ’നിന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ ചോദിച്ചറിയുന്നതിൽ നിയമലംഘനമില്ലെന്ന് കോടതി വ്യക്തമാക്കി. ബാലനീതി നിയമത്തിലെ 10ാം വകുപ്പിലെ വ്യവസ്ഥ പ്രകാരം കുട്ടികളെ പൊലീസ് ലോക്കപ്പിലോ ജയിലിലോ പാർപ്പിക്കുന്നതിന് വിലക്കുണ്ട്. എന്നാൽ, ലീഗൽ കം പ്രിവന്‍റിവ് ഓഫിസറുടെയും (എൽ.സി.പി.ഒ) ചൈൽഡ് വെൽഫെയർ ഓഫിസറുടെയും സാന്നിധ്യത്തിൽ അനാവശ്യ ഇടപെടലുകളില്ലാതെ നടത്തുന്ന വിവരശേഖരണത്തിനോ സുരക്ഷ അകമ്പടിക്കോ നിയമം തടസ്സമല്ല. തെളിവ് വസ്തുക്കൾ കണ്ടെത്തുന്നതിനായി പൊലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ കുട്ടികളെ കൊണ്ടുപോകുമ്പോൾ അവർക്ക് അപമാനമോ മാനസികാഘാതമോ ഉണ്ടാകാതിരിക്കാൻ ബന്ധപ്പെട്ട അധികൃതർ സ്വീകരിക്കേണ്ട മുൻകരുതലെന്ന നിലയിൽ 13 ഉപാധികളോടെയാണ് ജെ.ജെ ബോർഡ് ഉത്തരവ് നൽകിയത്.
ഒബ്‌സർവേഷൻ ഹോമിൽനിന്ന് തെളിവു ശേഖരിക്കേണ്ട സ്ഥലങ്ങളിലേക്ക് ഹരജിക്കാരെ കൊണ്ടുപോകുമ്പോൾ മാധ്യമ സാന്നിധ്യവും ജനത്തിരക്കും ഒഴിവാക്കുന്നതടക്കം നിർദേശങ്ങൾ ഉപാധികളിലുണ്ട്. എൽ.സി.പി.ഒ, ചൈൽഡ് വെൽഫെയർ ഓഫിസർ തുടങ്ങിയവരുടെ സാന്നിധ്യവും നിർദേശിച്ചിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് ബോർഡ് പുറപ്പെടുവിച്ച 13 ഉപാധികൾ ഹരജിക്കാരുടെ കാര്യത്തിൽ പര്യാപ്തമാണ്. ഈ സാഹചര്യത്തിൽ ജുവനൈൽ ജസ്റ്റിസ് ബോർഡ് പുറപ്പെടുവിച്ച ഉത്തരവിൽ ഇടപെടേണ്ട കാരണമില്ലെന്ന് വ്യക്തമാക്കിയ കോടതി റിവിഷൻ ഹരജി തള്ളുകയായിരുന്നു. ആഗസ്റ്റ് 16ന് രാത്രിയാണ് വയോധികനെ കരുവാറ്റയിലെ വാടകവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബന്ധുവായ 13കാരി ആവശ്യപ്പെട്ട പ്രകാരം കൗമാരക്കാരായ പ്രതികൾ വയോധികനെ കൊലപ്പെടുത്തിയെന്നാണ് കേസ്.