കോഴിക്കോട് കോട്ടനാട് എസ്റ്റേറ്റിന് പൊലീസ് സംരക്ഷണം വേണമെന്ന ഹർജി തള്ളി ഹൈക്കോടതി
കോഴിക്കോട് കോട്ടനാട് എസ്റ്റേറ്റിന് പൊലീസ് സംരക്ഷണം വേണമെന്ന ഹർജി തള്ളി ഹൈക്കോടതി. ഭൂവുടമകളായ ആനപ്പടിയിൽ നെല്ലിക്കൽ കുടുംബത്തിൽ നിന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോട്ടനാട് പ്ലാന്റേഷൻസ് നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.
കോഴിക്കോട്: കോഴിക്കോട് കോട്ടനാട് എസ്റ്റേറ്റിന് പൊലീസ് സംരക്ഷണം വേണമെന്ന ഹർജി തള്ളി ഹൈക്കോടതി. ഭൂവുടമകളായ ആനപ്പടിയിൽ നെല്ലിക്കൽ കുടുംബത്തിൽ നിന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോട്ടനാട് പ്ലാന്റേഷൻസ് നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. എസ്റ്റേറ്റിലെ മരങ്ങൾ മുറിക്കുന്നത് ഭൂവുടമകൾ തടഞ്ഞ സാഹചര്യത്തിൽ പൊലീസ് സംരക്ഷണം തേടിയാണ് ഹർജി നൽകിയത്. സിവിൽ തർക്കങ്ങളിൽ പൊലീസ് സംരക്ഷണം നൽകാനാവില്ലെന്നാണ് കോടതി നിരീക്ഷണം.
ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെതാണ് നിരീക്ഷണം. ഉടമസ്ഥാവകാശവും കൈവശാവകാശവും സംബന്ധിച്ച് എസ്റ്റേറ്റ് ഉടമകളും ഭൂവുടമകളും തമ്മിൽ സിവിൽ കോടതിയിൽ തർക്കം തുടരുകയാണ്. ഈ സാഹചര്യത്തിൽ പൊലീസ് സംരക്ഷണം നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി.
സിവിൽ അവകാശം സ്ഥാപിച്ചെടുക്കാനായി റിട്ട് ഹർജി ദുരുപയോഗം ചെയ്യരുതെന്ന് വിമർശിച്ചു കൊണ്ടാണ് കോടതി ഹർജി തള്ളിയത്. തർക്കങ്ങൾ ഉണ്ടെങ്കിൽ സിവിൽ കോടതിയിൽ ഉന്നയിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. പാട്ടക്കാലാവധി പൂർത്തിയായ ഭൂമി എസ്റ്റേറ്റ് ഉടമകൾ വിട്ടുനൽകിയില്ലെന്നായിരുന്നു ഭൂവുടമകളുടെ വാദം. വിരമിക്കൽ ആനുകൂല്യങ്ങൾക്ക് പകരം പാട്ടഭൂമി കരാറാക്കി നൽകി എസ്റ്റേറ്റ് മാനേജ്മെന്റ് തട്ടിപ്പ് നടത്തിയെന്നും ഭൂവുടമകൾ കോടതിയിൽ പറഞ്ഞു.