ഗുരുവായൂര്‍ ആനക്കോട്ടയില്‍ ആനകളെ പാപ്പാന്മാര്‍ മര്‍ദിച്ചതില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച് ഹൈക്കോടതി

 

ഗുരുവായൂര്‍ : ഗുരുവായൂര്‍ ആനക്കോട്ടയില്‍ ആനകളെ പാപ്പാന്മാര്‍ മര്‍ദിച്ചതില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച് ഹൈക്കോടതി. ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാന്‍ ദേവസ്വത്തിന് നിര്‍ദേശം. ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകളുടെ പരിപാലനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി നടപടി. കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി.

ആനക്കോട്ടയില്‍ ഓഡിറ്റ് നടത്തണം. സിസിടിവി ഉറപ്പാക്കണമെന്നും പരിശോധന നടത്താനും കോടതി നിര്‍ദേശിച്ചു. ദൃശ്യങ്ങള്‍ പുറത്തുവന്നതുകൊണ്ടല്ലേ ഇപ്പോള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞതെന്നും ആനക്കോട്ടയില്‍ എന്താണ് നടക്കുന്നത് എന്നതിനെപ്പറ്റി ദേവസ്വത്തിനു അറിയുമോയെന്നും കോടതി ആരാഞ്ഞു. ദേവസ്വം അധികൃതര്‍ നടപടി നേരിടേണ്ടി വരുമെന്ന് കോടതിയുടെ മുന്നറിയിപ്പ്. നടപടിയെടുത്തതിന്റെ വിശദാംശങ്ങള്‍ അറിയിക്കാമെന്ന് ദേവസ്വം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ആനകളെ പല ദിവസങ്ങളിലായി ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത നടയ്ക്കിരുത്തിയ കൃഷ്ണ എന്ന ആനയേയും ജൂനിയര്‍ കേശവനെയും പാപ്പാന്മാര്‍ അതിക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളായിരുന്നു ഇത്. പല ദിവസങ്ങളിലായി മര്‍ദ്ദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പാപ്പാന്‍മാരെ ദേവസ്വം ജോലിയില്‍നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട്.