പ്രിയദർശിനി സൗജന്യ ബസ് സർവീസിനെതിരായ ഹർജി തള്ളി ഹൈക്കോടതി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്രാസൗകര്യം നൽകുന്ന സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി സൗജന്യ ബസ് പദ്ധതിക്കെതിരായ പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വിഎം ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിക്കൊണ്ട് ഉത്തരവിട്ടത്.

 

കൊച്ചി: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്രാസൗകര്യം നൽകുന്ന സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി സൗജന്യ ബസ് പദ്ധതിക്കെതിരായ പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വിഎം ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിക്കൊണ്ട് ഉത്തരവിട്ടത്. സ്ത്രീകൾക്ക് സൗജന്യ യാത്രാസൗകര്യം ഒരുക്കുന്ന ജനക്ഷേമ പദ്ധതിയെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ സമർപ്പിച്ച ഊഹാപോഹങ്ങൾ മാത്രമുള്ള ഹർജിയാണിതെന്ന് കോടതി നിരീക്ഷിച്ചു.

പ്രിയദർശിനി പദ്ധതി നടപ്പിലാക്കിയതിലൂടെ ബസുകളിൽ അമിത തിരക്കുണ്ടാകുന്നുവെന്നും ഇത് നിരന്തര വാഹനാപകടങ്ങൾക്ക് കാരണമാകുന്നുവെന്നും ആരോപിച്ചായിരുന്നു ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. എന്നാൽ ഈ ആരോപണങ്ങൾ സാധൂകരിക്കുന്ന യാതൊരുവിധ രേഖകളോ തെളിവുകളോ ഹാജരാക്കാൻ ഹർജിക്കാരന് സാധിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

വാഹനാപകടങ്ങൾ സംഭവിക്കുന്നത് അമിത തിരക്കുമൂലം മാത്രമാണെന്ന് വിലയിരുത്താൻ സാധിക്കില്ലെന്നും ആരോപണങ്ങളെ സാധൂകരിക്കുന്ന രേഖകളുടെ അഭാവത്തിൽ ഇത്തരം പൊതുതാൽപ്പര്യ ഹർജികൾ പരിഗണിക്കാൻ സാധിക്കില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഹർജി പൂർണ്ണമായും തള്ളിയ കോടതി, ബസുകളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിന് നിർദ്ദേശം നൽകുകയും ചെയ്തു.