കാരവാനില്‍ ഒളിക്യാമറ; നടി രാധികയുടെ വെളിപ്പെടുത്തലില്‍ പ്രത്യേക സംഘം വിവരം ശേഖരിക്കും

മൊഴിയെടുത്ത് കേസെടുക്കാനുളള സാധ്യതയുമാണ് പൊലീസ് പരിശോധിക്കുന്നത്.
 

മലയാള സിനിമാ ലൊക്കേഷനില്‍ കാരവാനില്‍ ഒളിക്യാമറ വെയ്ക്കുന്നുണ്ടെന്ന നടി രാധിക ശരത് കുമാറിന്റെ വെളിപ്പെടുത്തലില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. രാധികയെ കണ്ട് വിവരങ്ങള്‍ ശേഖരിക്കും. മൊഴിയെടുത്ത് കേസെടുക്കാനുളള സാധ്യതയുമാണ് പൊലീസ് പരിശോധിക്കുന്നത്.

കാരവാനില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും സെറ്റില്‍ പുരുഷന്മാര്‍ ഒന്നിച്ചിരുന്ന് ദൃശ്യങ്ങള്‍ കണ്ട് ആസ്വദിക്കുന്നത് താന്‍ നേരിട്ട് കണ്ടെന്നുമായിരുന്നു രാധിക വെളിപ്പെടുത്തിയത്. 'കാരവാനില്‍ രഹസ്യമായി ക്യാമറ വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ മൊബൈലില്‍ ഫോള്‍ഡറുകളിലായി സൂക്ഷിക്കുന്നുണ്ട്.സെറ്റില്‍ പുരുഷന്മാര്‍ ഒന്നിച്ചിരുന്ന് മൊബൈലില്‍ ഈ ദൃശ്യങ്ങള്‍ കണ്ട് ആസ്വദിക്കുന്നത് താന്‍ നേരിട്ട് കണ്ടു. ഓരോ നടിയുടെയും പേരില്‍ പ്രത്യേകം ഫോള്‍ഡറുകളുണ്ട്. തുടര്‍ന്ന് ഭയം മൂലം ലൊക്കേഷനിലെ കാരവാന്‍ താന്‍ ഉപയോഗിച്ചില്ല', എന്നാണ് നടി പറഞ്ഞത്.