സർക്കാർ എക്കാലത്തും സ്ത്രീകൾക്കൊപ്പമാണ്, ഹേമാ കമ്മിറ്റി റിപ്പോർട്ടിന് ശേഷവും ഇതുണ്ടാകുന്നത് നിർഭാഗ്യകരം : രഞ്ജിത്തിനെതിരായ കേസിൽ സുധീർ കരമന
സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ അന്വേഷണം നടക്കട്ടെയെന്നും സിനിമാ രംഗത്ത് ഇത്തരം സംഭവങ്ങളുണ്ടാകുന്നത് നിർഭാഗ്യകരമാണെന്നും നടനും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ സുധീർ കരമന. ഹേമാ കമ്മിറ്റി റിപ്പോർട്ടിന് ശേഷവും ഇതുണ്ടാകുന്നത് നിർഭാഗ്യകരമാണ്. സർക്കാർ എക്കാലത്തും സ്ത്രീകൾക്കൊപ്പമാണ്. ചില കാര്യങ്ങൾ തനിക്ക് അംഗീകരിക്കാൻ കഴിയുന്നതല്ല.
തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ അന്വേഷണം നടക്കട്ടെയെന്നും സിനിമാ രംഗത്ത് ഇത്തരം സംഭവങ്ങളുണ്ടാകുന്നത് നിർഭാഗ്യകരമാണെന്നും നടനും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ സുധീർ കരമന. ഹേമാ കമ്മിറ്റി റിപ്പോർട്ടിന് ശേഷവും ഇതുണ്ടാകുന്നത് നിർഭാഗ്യകരമാണ്. സർക്കാർ എക്കാലത്തും സ്ത്രീകൾക്കൊപ്പമാണ്. ചില കാര്യങ്ങൾ തനിക്ക് അംഗീകരിക്കാൻ കഴിയുന്നതല്ല. നിലവിലെ കേസിന്റെ വിശദാംശങ്ങൾ അറിയില്ല. അന്വേഷണത്തിലൂടെ എല്ലാം പുറത്തുവരട്ടെന്നും സുധീർ കരമന പ്രതികരിച്ചു.
രഞ്ജിത്തിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു സംഭവം ഉണ്ടായിട്ടുണ്ടെങ്കിൽ അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി സജി ചെറിയാനും പ്രതികരിച്ചു. രഞ്ജിത്തുമായി ബന്ധപ്പെട്ട കേസിന്റെ വിശദാംശങ്ങൾ മുഴുവൻ ലഭിച്ചിട്ടില്ല. സിനിമ സെറ്റിൽ വെച്ച് നടന്ന സംഭവത്തിൻമേലുള്ള പരാതിയാണ് ലഭിച്ചത്. മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും പരാതിയിൽ വസ്തുത ഉണ്ട് എന്നതിനാലാണ് റിമാൻഡ് ചെയ്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷയിൽ കോടതി ഇന്ന് തന്നെ വാദം കേൾക്കും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുക. കേസിനെ നിയമപരമായി നേരിടുമെന്നും പരാതി വ്യാജമാണെന്നുമായിരുന്നു രഞ്ജിത്ത് പ്രതികരിച്ചത്.