വയനാട് ഉരുൾപൊട്ടൽ ഉണ്ടായ മേഖലയിൽ ഹെലികോപ്റ്ററിന് ഇറങ്ങാനായില്ല ; വടംകെട്ടി രക്ഷിക്കാൻ ശ്രമം

 

കൽപറ്റ: ഉരുൾപൊട്ടലിൽ കനത്ത നാശംവിതച്ച വയനാട്ടിലെ മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയായി പ്രതികൂല കാലാവസ്ഥ. എയർലിഫ്റ്റിങ് പരിശോധിക്കാനെത്തിയ രണ്ട് ഹെവികോപ്റ്ററുകൾ വയനാട്ടിൽ ഇറങ്ങാനാകാതെ കോഴിക്കോട്ടേക്ക് തിരിച്ചുപോയി. ഇതോടെ, ദുരന്തസ്ഥലത്തെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായി.

ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട മുണ്ടക്കൈ ടൗണിൽ എത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. പുഴക്ക് കുറുകെ വടംകെട്ടി മുണ്ടക്കൈയിൽ എത്താനാണ് ദേശീയ പ്രതിരോധ സേനാംഗങ്ങൾ ശ്രമിക്കുന്നത്. കരസേനയുടെ എൻജീനിയറിങ് വിഭാഗം എത്തിയാൽ മാത്രമേ പുഴക്ക് കുറുകെ താൽകാലിക പാലം നിർമിക്കാനാവൂ.

കരസേനയുടെ മദ്രാസ് എഞ്ചിനിയറിങ് ഗ്രൂപ്പ് (എം.ഇ.ജി) ബംഗളൂരുവിൽ നിന്നാണ് അടിയന്തരമായി എത്തുക. ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങൾ സൈന്യത്തിന്റെ എഞ്ചിനീയറിങ് വിഭാഗമാണ് നടപ്പാക്കുക.

വൈകിട്ട് അഞ്ച് മണിയോടെ മുണ്ടക്കൈ പ്രദേശം ഇരുട്ടിലാകുമെന്നും അതിന് മുമ്പായി സാധ്യമായതെല്ലാം ചെയ്ത് കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കേണ്ടതുണ്ടെന്നും കൽപറ്റ എം.എൽ.എ ടി. സിദ്ദീഖ് പറഞ്ഞു. പരിക്കേറ്റ ആറു പേരുടെ നില ഗുരുതരമാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. രാത്രിയാകുന്നതോടെ രക്ഷാപ്രവർത്തനം ദുഷ്കരമാകുമെന്നും അദ്ദേഹം പറഞ്ഞു.

വ്യോമസേന ഹെലികോപ്ടറിന് ദുരന്തസ്ഥലത്ത് എത്താൻ കഴിഞ്ഞില്ല. മുണ്ടക്കൈയിലെ രണ്ട് വാർഡുകളിലെ ജനസംഖ്യ മൂവായിരത്തോളം വരും. മരണസഖ്യ വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നും എം.എൽ.എ വ്യക്തമാക്കി.